ടെസ്റ്റ് ബാറ്റിങ്ങിലെ ഒന്നാമനെന്ന സ്ഥാനത്തിനായി പലതവണ മത്സരം നടന്നത് ഓസീസ് താരം സ്റ്റീവ് സ്മിത്തും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും തമ്മിലാണ്. റാങ്കിങ്ങിൽ ഒന്നാം സ്ഥാനം എതിരാളികളില്ലാതെ അലങ്കരിച്ചിരുന്ന കോഹ്ലിയെ ആഷസ് പരമ്പരയിലെ അസാമാന്യ പ്രകടനത്തിന്റെ ബലത്തിലാണ് സ്മിത്ത് മറികടന്നത്.
പലയാവർത്തി ആ സ്ഥാനം തിരിച്ച് പിടിക്കാൻ കോഹ്ലി ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചില്ല. തൊട്ടു തൊട്ടില്ല, എന്ന മട്ടിൽ ആ സ്ഥാനം കോഹ്ലിക്ക് കൈയ്യകലത്താവുകയായിരുന്നു. ഒടുവിൽ, ടെസ്റ്റ് ബാറ്റിങ്ങിലെ ഒന്നാം സ്ഥാനം വിരാട് തിരിച്ചുപിടിച്ചു. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിച്ച പിങ്ക് ടെസ്റ്റിലെ സെഞ്ചുറി പ്രകടനമാണ് റാങ്കിങ്ങിന്റെ തലപ്പെത്തെത്താൻ കോഹ്ലിക്ക് തുണയായത്. ഇതോടെ, ഏകദിനത്തിലും ടെസ്റ്റിലും ഒരിക്കൽക്കൂടി കോലി ഒരേസമയം ഒന്നാം റാങ്കിലെത്തി.
928 പോയിന്റുമായാണ് കോലി റാങ്കിങ്ങിൽ തലപ്പത്തേക്കു കയറിയത്. അതേസമയം, പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ നിറംമങ്ങിയ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 931 പോയിന്റുമായി ഒന്നാമത് നിന്ന സ്മിത്ത് 923 എന്ന പോയിന്റ് നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇതോടെ 5 പോയിന്റിന്റെ ലീഡ് ഉയർത്തിയിരിക്കുകയാണ് കോഹ്ലി.
അതേസമയം, പാക്കിസ്ഥാനെതിരായ പരമ്പരയിൽ ട്രിപ്പിൾ സെഞ്ചുറി സഹിതം ഉജ്വല പ്രകടനം പുറത്തെടുത്ത ഓപ്പണർ ഡേവിഡ് വാർണർ നീണ്ട ഇടവേളയ്ക്കുശേഷം റാങ്കിങ്ങിൽ ആദ്യ അഞ്ചിൽ തിരിച്ചെത്തി.