'കുറച്ച് നാള്‍ മാറിനില്‍ക്കൂ'; ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് രാഹുലിനോട് ഇടവേളയെടുക്കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്, പകരക്കാരനായി ശുഭ്മാന്‍ ഗില്‍

ചൊവ്വ, 1 നവം‌ബര്‍ 2022 (11:53 IST)
ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് കെ.എല്‍.രാഹുല്‍ ഇടവേളയെടുക്കുന്നതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനു ശേഷം തല്‍ക്കാലത്തേക്ക് രാഹുല്‍ ടി 20 ഫോര്‍മാറ്റില്‍ ഉണ്ടാകില്ല. ബിസിസിഐ ഉന്നതരും സെലക്ടര്‍മാരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. 
 
ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇരുവരും ആവശ്യപ്പെട്ടതനുസരിച്ചാണ് ബിസിസിഐ വിശ്രമം അനുവദിച്ചതെന്നാണ് വിവരം. എന്നാല്‍ ഇടവേളയെടുത്ത് ടി 20 ഫോര്‍മാറ്റില്‍ നിന്ന് മാറിനില്‍ക്കാന്‍ സെലക്ടര്‍മാര്‍ കെ.എല്‍.രാഹുലിനോട് അങ്ങോട്ട് ആവശ്യപ്പെട്ടതായാണ് വിവരം. സമീപകാലത്തെ മോശം പ്രകടനങ്ങളാണ് രാഹുലിന് തിരിച്ചടിയായത്. 
 
രാഹുലിനെതിരെ ടീമിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉണ്ട്. പവര്‍പ്ലേയില്‍ രാഹുല്‍ റണ്‍സ് കണ്ടെത്താത്തതും വമ്പന്‍ കളികളില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നതുമാണ് രാഹുലിന്റെ കരിയറില്‍ തിരിച്ചടിയായിരിക്കുന്നത്. രാഹുലിന് പകരം ശുഭ്മാന്‍ ഗില്ലിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍