വിളി കാത്ത് സഞ്ജു, ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യത; അപ്പോഴും വില്ലനായി കെ.എല്‍.രാഹുല്‍

വെള്ളി, 30 ജൂണ്‍ 2023 (11:02 IST)
പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തിരിച്ചെത്തിയില്ലെങ്കില്‍ പകരം ഏകദിന ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കുക മലയാളി താരം സഞ്ജു സാംസണെ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. സഞ്ജുവിനെ ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ബിസിസിഐയുടെ ആലോചനയില്‍ ഉണ്ട്. റിഷഭ് പന്ത് പരുക്കില്‍ നിന്ന് മുക്തനായി ഉടന്‍ തിരിച്ചെത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലേയും അതിനുശേഷം നടക്കുന്ന ഏഷ്യാ കപ്പിലേയും പ്രകടനം പരിഗണിച്ചായിരിക്കും സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുക. 
 
കഴിഞ്ഞ ഡിസംബറിലാണ് റിഷഭ് പന്തിന് വാഹനാപകടത്തില്‍ പരുക്കേറ്റത്. ഏകദിന ലോകകപ്പ് ആകുമ്പോഴേക്കും റിഷഭ് പന്ത് പൂര്‍ണമായി ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ വിക്കറ്റ് കീപ്പറായി ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നത്. 
 
സഞ്ജുവിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയാലും പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യത കുറവാണ്. കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരും ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകും. ഇവര്‍ക്ക് ശേഷം മാത്രമായിരിക്കും സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കുക. റിഷഭ് പന്ത് ഇല്ലെങ്കില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുക കെ.എല്‍.രാഹുലിനെയാണ്. ഏകദിനത്തില്‍ മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള രാഹുലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറല്ല. രാഹുല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി എത്തിയാല്‍ ഇഷാന്‍ കിഷനും സഞ്ജു സാംസണും പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍