KL Rahul: ഐപിഎല്ലിലും ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ കെ.എല്‍.രാഹുല്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനായ രാഹുല്‍ ഇനി നാലാം നമ്പറിലാകും ബാറ്റ് ചെയ്യുക. ഇന്ത്യക്ക് വേണ്ടിയും ഇപ്പോള്‍ മധ്യനിരയിലാണ് രാഹുല്‍ ബാറ്റ് ചെയ്യാനിറങ്ങുന്നത്. ട്വന്റി 20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ വേണ്ടിയാണ് രാഹുലിന്റെ ഈ നീക്കം. രോഹിത് ശര്‍മ, യഷസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ലോകകപ്പിലെ ഓപ്പണര്‍ സ്ഥാനത്തേക്ക് ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മധ്യനിര ബാറ്ററായി ടീമില്‍ കയറാനാണ് രാഹുലിന്റെ ലക്ഷ്യം.
ആരായിരിക്കും ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ എന്നത് ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമാണ്. ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരെല്ലാം ലോകകപ്പ് ടീമില്‍ ഇടംപിടിക്കാനുള്ള പരിശ്രമത്തിലാണ്. പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനായി തിരിച്ചെത്തിയാല്‍ റിഷബ് പന്തും ഈ കൂട്ടത്തില്‍ സ്ഥാനം പിടിക്കും. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്കാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ലഭിക്കുക. അതിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കെ.എല്‍.രാഹുലും ഇനിയുണ്ടാകും.
ഏകദിന ലോകകപ്പില്‍ മധ്യനിരയില്‍ മികച്ച പ്രകടനമാണ് രാഹുല്‍ നടത്തിയത്. ഐപിഎല്ലില്‍ കൂടി മധ്യനിരയില്‍ തിളങ്ങാന്‍ സാധിച്ചാല്‍ രാഹുലിന് കാര്യങ്ങള്‍ എളുപ്പമാകും. മലയാളി താരം സഞ്ജു സാംസണിനാണ് രാഹുല്‍ കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക. ഫിനിഷര്‍ എന്ന നിലയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്നതിനാല്‍ ജിതേഷ് ശര്‍മയ്ക്കും സഞ്ജുവിനേക്കാള്‍ സാധ്യതയുണ്ട്.
നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ രാഹുലുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എല്ലാ ഫോര്‍മാറ്റിലും രാഹുല്‍ മധ്യനിരയില്‍ കളിച്ചാല്‍ മതിയെന്നായിരുന്നു ഇവരുടെയെല്ലാം അഭിപ്രായം. ഇന്ത്യക്ക് വേണ്ടി 44 ടെസ്റ്റ് മത്സരങ്ങളിലും 23 ഏകദിനങ്ങളിലും 55 ട്വന്റി 20 മത്സരങ്ങളിലും രാഹുല്‍ ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്.