കരുണിന്റേയും ജയന്തിന്റേയും പ്രകടനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കോഹ്ലിയ്ക്കും കുംബ്ലെയ്ക്കും: ദ്രാവിഡ്

തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (10:40 IST)
ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ കോഹ്ലിയേയും പരിശീലകന്‍ അനില്‍ കുംബ്ലെയേയും പ്രശംസിച്ച് ഇന്ത്യ എ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുതിയ സെന്‍സേഷനുകളായ കരുണ്‍ നായരുടേയും ജയന്ത് യാദവിന്റേയും മികച്ച പ്രകടനത്തിന്റെ ക്രെഡിറ്റ് മുഴുവനും അനിലിനും കോഹ്ലിക്കുമാണെന്ന് ദ്രാവിഡ് പറഞ്ഞു.  
 
യുവതാരങ്ങള്‍ക്ക് വളരെയേറെ പ്രചോദനം നല്‍കുന്ന സാഹചര്യമാണ് നിലവില്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലുള്ളത്. 
ഇന്ത്യ എ ടീമിലൂടെ കളിച്ചു വളര്‍ന്ന ജയന്തും കരുണും രാജ്യത്തിനായി പുറത്തെടുക്കുന്ന പ്രകടനം പ്രശംസനീയമാണ്.  അവരെപ്പോലുള്ള യുവതാരങ്ങള്‍ക്ക് തുടക്കകാരുടെ പരിഭ്രമമില്ലാതെ കളിക്കാന്‍ കഴിയുന്നതും ഇന്ത്യന്‍ ടീമിലെ സാഹചര്യങ്ങള്‍ കൊണ്ടാണെന്നും ദ്രാവിഡ് വ്യക്തമാക്കി. 
 
തന്റെ കരിയറിലെ ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിള്‍ സെഞ്ച്വറിയാക്കി മാറ്റിയ താരമാണ് കരുണ്‍. അദ്ദേഹത്തില്‍ മികച്ച ഭാവിയാണ് താന്‍ കാണുന്നത്. റണ്‍സ് നേടുന്നതിനുള്ള അതിയായ ആഗ്രഹമാണ് കരുണിന്റെ ഈ നേട്ടത്തിന് പിന്നിലെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക