ഒന്നര വർഷം മുൻപ് കോലിയെക്കാൾ 10 സെഞ്ചുറി പിന്നിൽ! ഇന്ന് റെക്കോർഡുകളുടെ സ്വന്തക്കാരൻ, അതിശയകരമായ ഫോമിൽ ജോ റൂട്ട്

തിങ്കള്‍, 13 ജൂണ്‍ 2022 (19:11 IST)
ടെസ്റ്റ് ക്രിക്കറ്റിൽ അതിശയകരമായ ഫോം തുടർന്ന് ഇംഗ്ലണ്ട് മുൻ നായകൻ ജോ റൂട്ട്. ഇന്നലെ ന്യുസിലാൻഡിനെതിരെ നേടിയ സെഞ്ചുറി പ്രകടനത്തോടെ സജീവ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന നേട്ടത്തിൽ വിരാട് കോലിക്കും സ്റ്റീവ് സ്മിത്തിനുമൊപ്പം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് റൂട്ട്.
 
എന്നാൽ കണക്കുകൾ പരിശോധിച്ചാൽ 2019 നവംബറിൽ കോലിയുടെ സെഞ്ചുറികളുടെ എണ്ണം 27 ആയിരുന്നുവെന്ന് കാണാം. അതായത് വെറും ഒന്നരവര്ഷത്തിനിടയ്ക്ക് റൂട്ട് നേടിയത്10 ടെസ്റ്റ് സെഞ്ചുറികൾ. സമകാലീകനായ സ്മിത്താവട്ടെ ഈ സമയത്ത് നേടിയത് ഒരു സെഞ്ചുറി മാത്രം. 2020 മുതൽ 2000 ടെസ്റ്റ് റൻസുകൾക്ക് മുകളിൽ സ്‌കോർ ചെയ്യാൻ റൂട്ടിനായിട്ടുണ്ട്. ഇക്കാലയളവിൽ സ്മിത്ത്,കോലി,വില്യംസൺ എന്നീ ഫാബുലസ് ഫോറിലെ മറ്റ് താരങ്ങൾ ചേർന്ന് നേടിയത് വെറും 1910 റൺസാണ്.
 
നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് എന്ന നാഴികക്കല്ല് മറികടന്ന റൂട്ട് രണ്ടാം ടെസ്റ്റിനിടെ ഗവാസ്കറുടെ റൺ നേട്ടത്തെയും മറികടന്നിരുന്നു. നിലവിലെ ഫോം തുടർന്ന് കൊണ്ടുപോകാൻ കഴിയുകയാണെങ്കിൽ സച്ചിന്റെ ലോകറെക്കോർഡിന് വെല്ലുവിളിയാകാൻ റൂട്ടിന് സാധിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ കണക്ക് കൂട്ടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍