2022 സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ 81 റൺസുമായി തിളങ്ങിയ ഇഷാൻ മുംബൈയുടെ തീരുമാനം ശരിയെന്ന് തോന്നിപ്പിച്ചെങ്കിലും അടുത്ത കളിയിലെ അർധസെഞ്ചുറിയോട് കൂടി കെട്ടടങ്ങുന്നതാണ് ഇത്തവണ ഐപിഎല്ലിൽ കാണാനായത്. തന്റെ നിർഭയമാർന്ന കളിയിലൂടെ എതിർടീമിൽ ഭയം ജനിപ്പിച്ചിരുന്ന ഫിയർലസ് ഇഷാനിൽ നിന്നും 15 കോടിയുടെ സമ്മർദ്ദം ഇഷാനെ വിഴുങ്ങുന്നതാണ് പിന്നീട് ഐപിഎല്ലിൽ കാണാനായത്.
2022 സീസണിലെ ആദ്യ 2 മത്സരങ്ങളിൽ പോക്കറ്റ് ഡൈനമൈറ്റ് എന്ന് വിളിപ്പേരിൽ അറിയപ്പെടുന്ന ഇഷാൻ കിഷൻ തന്റെ വീര്യം തെളിയിച്ചപ്പോൾ ശേഷിച്ച മത്സരങ്ങളിൽ ഡൈനമൈറ്റ് പൊട്ടിത്തെറിച്ചത് മുംബൈയുടെ നെഞ്ചത്താണ്. ആദ്യ രണ്ട് മത്സരങ്ങളിൽ റൺസ് കണ്ടെത്താൻ കഴിഞ്ഞ താരം പിന്നീട് സമ്മർദ്ദത്തിലാകുന്നതിനാണ് ഐപിഎൽ സാക്ഷ്യം വഹിച്ചത്.
ശേഷിച്ച ആറ് മത്സരങ്ങളിൽ നിന്നും കിഷൻ നേടിയത് വെറും 64 റൺസ് മാത്രം. ടീമിന് വിലപ്പെട്ട റൺസുകൾ വരേണ്ട പവർപ്ലേ സമയത്ത് ഏറെ പന്തുകൾ ഇഷാൻ പാഴാക്കുന്നു എന്നത് ഒരു സ്ലോ സ്റ്റാർട്ടർ കൂടിയായ മുംബൈ നായകൻ രോഹിത് ശർമയ്ക്ക് സമ്മർദ്ദം കൂട്ടുന്നു. ഓപ്പണിങിൽ റൺസ് കണ്ടെത്തുന്നതിൽ ഇരു താരങ്ങളും പരാജയപ്പെടുന്നതിലേക്കാണ് ഇത് നയിക്കുന്നത്.
തുടക്കത്തിൽ തന്നെ ആക്രമിച്ച് റൺസ് കണ്ടെത്തുക എന്ന നിലയിൽ നിന്നും വിക്കറ്റ് സുരക്ഷിതമാക്കി കളിക്കുക എന്ന ശൈലിമാറ്റമാണ് ഇഷാനെ വമ്പൻ സ്കോറുകൾ നേടുന്നതിൽ നിന്നും തടയുന്നത്. ആദ്യ ഓവറുകളിൽ റൺസ് ഒഴുകുന്നില്ല എന്നത് മുംബൈയെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ ഐപിഎല്ലിലെ ഡൈനമൈറ്റ് ഇപ്പോൾ പൊട്ടുന്നത് മുംബൈയുടെ നെഞ്ചത്ത് കേറിയിരുന്നാണ്.