എല്ലാ കണ്ണുകളും ധോണിയില്‍; ഇന്ത്യന്‍ നായകനായി 12 കോടി മുടക്കേണ്ടിവരും, ഐപിഎല്‍ താരലേലം ഇന്ന്
ചൊവ്വ, 15 ഡിസംബര്‍ 2015 (10:07 IST)
പുതിയ ഐപിഎല്‍ ടീമുകളിലേക്കു താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ലേലം ഇന്ന് നടക്കും. പുതിയ ഫ്രാഞ്ചൈസികളായ പൂനയും രാജ്കോട്ടുമാണ് താരങ്ങളെ തേടുന്നത്. വാതുവെപ്പ് കേസില്‍ അകപ്പെട്ട് പുറത്തുപോയ രാജസ്ഥാന് റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമുകളിലെ താരങ്ങളെയാകും പുതിറ്റ രണ്ടു ടീമുകളും നോട്ടമിടുക.
ഇന്ത്യന്‍ ഏകദിന, ട്വന്റി-20 നായകന് മഹേന്ദ്ര സിംഗ് ധോണി, ന്യൂസിലന്‍ഡ് നായകന് ബ്രെണ്ടന്‍ മക്കല്ലം രവിചന്ദ്ര അശ്വിന്, അജിങ്ക്യ രഹാനെ, രവിന്ദ്ര ജഡേജ എന്നീ താരങ്ങളെയും ഈ ടീമുകള്‍ക്ക് വിളിച്ചെടുക്കാം. അഞ്ചു കളിക്കാരെ വീതമാണ് ആദ്യഘട്ടത്തില്‍ സ്വന്തമാക്കാനാകുന്നത്. പൂനയ്ക്കാണ് ആദ്യ വിളി നടത്താവുന്നത്. അതുകൊണ്ടു തന്നെ ധോണി പൂനയിലേക്കു വണ്ടികയറുമെന്നുറപ്പിക്കാം.
40 കോടി മുതല്‍ 66 കോടി രൂപ വരെയാണ് ഇരു ടീമിനും ലേലത്തില്‍ മുടക്കാനാവുക. താരമൂല്യമനുസരിച്ച് 12.50 കോടി രൂപവരെയാണ് പ്രമുഖ താരത്തിനു ലഭിക്കാവുന്നത്. രണ്ടാം താരത്തിന് 9.50 കോടി, മൂന്നാം താരത്തിന് 7.50 കോടി, നാലാം താരത്തിന് 6.50 കോടി, അഞ്ചാമത്തെ താരത്തിന് 4.50 കോടി രൂപയുമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ദേശീയ ടീമില്‍ ഇടം നേടിയിട്ടില്ലാത്ത തരങ്ങള്‍ക്ക് നാലു കോടി രൂപവരെ മുടക്കാം.
രാജസ്ഥാന് ടീമിലും ചെന്നൈ ടീമിലും കളിച്ചവരും അല്ലാത്തവരെയും ഉള്‍പ്പെടുത്തിയാണ് ലേലം നടക്കുക. ചെന്നൈ താരങ്ങള്‍ക്ക് തന്നെയാകും വില കൂടുക. മഹേന്ദ്ര സിംഗ് ധോണിക്ക് തന്നെയാണ് മൂല്യം ഏറുക. 12.50 കോടിരൂപ ധോണിക്കായി മുടക്കേണ്ടിവരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ബ്രണ്ടന്‍ മക്കല്ലം, ഡ്വെയിന്‍ ബ്രാവോ, സുരേഷ് റെയ്ന, ആര് അശ്വിന് എന്നിവര്‍ വിലയേറിയ താരങ്ങളാകുമെന്ന് ഉറപ്പാണ്.
രാജസ്ഥാന് റോയല്‍സിലും സൂപ്പര്‍ താരങ്ങള്‍ നിരവധി. ട്വന്റി-20 ഫോര്‍മാറ്റിന് ഏറ്റവും അനുയോജ്യനായ ഷെയ്ന് വാട്സണ്, സ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ തുടങ്ങിയവരെയാണ് രാജസ്ഥാന് റോയല്‍സില്‍ നിന്നു ഇരു ടീമുകളും ലക്ഷ്യമിടുന്നത്. വ്യവസായി സഞ്ജീവ് ഗോയങ്കയുടെ കമ്പനിയാണ് പൂന ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്. രാജ്കോട്ടിന്റെ ഉടമകള്‍ മൊബൈല്‍ നിര്‍മാതാക്കളായ ഇന്റക്സാണ്.