ഐപിഎല്‍ താരലേലം: സഞ്ജുവിനെ 4.20 കോടിക്ക് ഡല്‍ഹി സ്വന്തമാക്കി, വാട്സന്‍ ബാംഗ്ലൂരിന് (9.5 കോടി), യുവരാജ് സണ്‍റൈസേഴ്സിൽ (ഏഴു കോടി)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒമ്പതാം സീസണിലേക്കുള്ള താരലേലം ആരംഭിച്ചു. മലയാളി താരം സഞ്ജു വി സാംസണെ 4.20 കോടി രൂപയ്‌ക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയപ്പോല്‍ ഓസ്ട്രേലിയന്‍ ഓള്‍ റൌണ്ടര്‍ ഷെയ്ന്‍ വാട്സണാണ് വില കൂടിയ താരമായി മാറിയത്. ഒന്‍പതര കോടിക്ക് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്.
ഐപിഎല്ലിലെ പുതിയ ടീമായ രാജ്കോട്ട് ലയണ്‍സും സഞ്ജുവിനു വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. പിന്നീടാണ് മലയാളി താരത്തെ ഡല്‍ഹി സ്വന്തമാക്കിയത്. യുവരാജ് സിംഗിനെ ഏഴ് കോടിക്കും ആശിഷ് നെഹ്റയെ 5.50 കോടിക്കും സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ഇംഗ്ളണ്ട് താരം കെവിന്‍ പീറ്റേഴ്സണെ 3.50 കോടിക്കും ഫാസ്റ് ബൌളര്‍ ഇഷാന്ത് ശര്‍മയെ 3.80 കോടിക്കും പൂനെ സ്വന്തമാക്കി. വെസ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഡെയ്ന്‍ സ്മിത്ത്, ദക്ഷിണാഫ്രിക്കന്‍ പേസ് ബൌളര്‍ ഡെയ്ല്‍ സ്റെയിന്‍ എന്നിവരെ 2.30 കോടി വീതം നല്‍കി രാജ്കോട്ട് ടീം സ്വന്തമാക്കി.
ഒരു ടീമിൽ 16 പേരെ മുതൽ 27 പേരെ വരെ ഉൾപ്പെടുത്താമെന്നാണ് വ്യവസ്ഥ. വിദേശതാരങ്ങൾ പരമാവധി ഒൻപതു മാത്രം. ഓരോ ടീമിനും താരങ്ങൾക്കു വേണ്ടി 66 കോടി രൂപ വരെ മുടക്കാം. നേരത്തെ താരങ്ങളെ നിലനിർത്തിയതിന്റെ തുക കുറച്ചാൽ ഡൽഹി ടീമിന് 37.15 കോടി രൂപ ലേലത്തിനു ബാക്കിയുണ്ട്.