ബോളര്‍മാര്‍ ഏറിഞ്ഞൊതുക്കിയപ്പോള്‍ പഞ്ചാബിന് ആശ്വാസം ജയം
ശനി, 14 മെയ് 2016 (08:42 IST)
ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ആശ്വാസം ജയം. കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരെ ഏഴു വിക്കറ്റിനാണ് പഞ്ചാബ് ജയിച്ചത്. ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടപ്പെടുത്തി 124 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ പഞ്ചാബ് 17 ഓവറില്‍ ലക്ഷ്യത്തിലെത്തി. പുറത്താകാതെ ക്യാപ്റ്റന്‍ മുരളി വിജയ് (54) ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച മുംബൈയെ പഞ്ചാബ് ബോളര്‍മാരുടെ തീപ്പൊരി ബോളിംഗാണ് ചെറിയ സ്കോറില്‍ ഒതുക്കിയത്. മുംബൈ നിരയില്‍ 27 റണ്‍സെടുത്ത കെയ്റോണ്‍ പൊള്ളാര്‍ഡാണ് ടോപ് സ്കോറര്‍. നിതീഷ് റാണ (25), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), കുനല്‍ പാണ്ഡ്യ (19), ഹര്‍ഭജന്‍ സിംഗ് (14) എന്നിവരാണ് രണ്ടക്കം കണ്ടത്.
ഹാഷിം അംല, മാക്‍സ്‌വെല്‍ എന്നിവര്‍ റണ്‍സൊന്നും എടുക്കാതെ മടങ്ങിയെങ്കിലും മുരളി വിജയ്ക്ക് പിന്നാലെ വൃന്ദിമാന്‍ സാഹയും (40 പന്തില്‍ 56) അര്‍ധ സെഞ്ചുറി നേടി ടീമിന്റെ വിജയത്തില്‍ പങ്കാളിയായി. ജയത്തോടെ പോയിന്റ് പട്ടികയില്‍ പൂനയെ മറികടന്നു പഞ്ചാബ് ഏഴാമതെത്തി.