ഡല്‍ഹിക്ക് വീണ്ടും തോല്‍വി; കൊൽക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം
ചൊവ്വ, 21 ഏപ്രില്‍ 2015 (10:15 IST)
ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഡൽഹി ഡെയർഡെവിൾസിനെ 6 വിക്കറ്റിന് കീഴടക്കി. ഡല്‍ഹി മുന്നോട്ടുവെച്ച 147 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിൽ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.
അവസാനം കളിച്ച നാല് മത്സരങ്ങളിൽ കൊൽക്കത്തയുടെ മൂന്നാം ജയമാണിത്. അർദ്ധസെഞ്ച്വറിനേടിയ നായകൻ ഗൗതം ഗംഭീറും(60) വമ്പനടികളുമായി കളംവാണ യൂസുഫ് പത്താനും (40), സൂര്യകുമാർ യാദവുമാണ് (24) കൊൽക്കത്തയുടെ വിജയ ശില്‍പ്പികള്‍.
ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ഗൗതം ഗംഭീർ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്ത ബൗളര്‍മാര്‍ കൊടുങ്കാറ്റായപ്പോള്‍ മത്സരത്തിന്റെ തുടക്കംതന്നെ ഡല്‍ഹിക്ക് പിഴച്ചു. മായങ്ക് അഗർവാള്‍ (1), ജെപി ഡുമിനി (5), ശ്രേയസ് അയ്യര്‍ (31), മനോജ് തിവാരി (32), യുവ്രാജ് സിംഗ് (21), ആഞ്ജലോ മാത്യൂസ് (28), കേദാർ ജാദവ് (12) എന്നിവര്‍ മികച്ച സ്കേര്‍ നേടാതെ മടങ്ങിയപ്പോള്‍ ഡൽഹി 146 എന്ന ചെറിയ സ്കേറില്‍ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് നാലാം ഓവറില്‍ ഓപണര്‍ റോബിന് ഉത്തപ്പയെയും മനീഷ് പാണ്ഡെയെയും നഷ്ടമായെങ്കിലും അർദ്ധസെഞ്ച്വറിനേടിയ നായകൻ ഗൗതം ഗംഭീര്‍ (60), യൂസുഫ് പത്താന് (40), സൂര്യകുമാർ യാദവ് (24) എന്നിവര്‍ മികച്ച സ്കേര്‍ കണ്ടെത്തിയതോടെ 18.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. കൊൽക്കത്തയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് മാൻ ഒഫ് ദ മാച്ച്.