ഗംഭീര്‍ സമ്മര്‍ദ്ദത്തിന്റെ കൊടുമുടിയില്‍; എല്ലാം കോഹ്‌ലി തീരുമാനിക്കും

ചൊവ്വ, 1 നവം‌ബര്‍ 2016 (14:24 IST)
ന്യൂസിലന്‍ഡിനെതിരായ ടെസ്‌റ്റ് ഏകദിന പരമ്പരകള്‍ അവസാനിച്ചതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്ക് ടീം ഇന്ത്യ ഒരുങ്ങുന്നു. ബുധനാഴ്‌ച പരമ്പരയ്‌ക്കുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ മുതിര്‍ന്ന താരം ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ ടീമിലെത്താന്‍ കാത്തിരിക്കുകയാണ്.

ഈ മാസം ഒമ്പത് രാജ്‌കോട്ടിലാണ് ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരം. വിസാഗ്, മൊഹലി, മുംബൈ, ചെന്നൈ എന്നിവിടങ്ങിളിലാണ് മറ്റ് മത്സരങ്ങള്‍.

അഞ്ച് ടെസ്റ്റ് മത്സരത്തിനുളള ഇന്ത്യന്‍ ടീമിനെയാണ് മുംബൈയില്‍ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുക. ഗൗതം ഗംഭീര്‍, കേദാര്‍ ജാദവ്, അഭിമനവ് മുകുന്ദ്, കുല്‍ദീപ് യാദവ്, മലയാളി താരമായ കരുണ്‍ നായര്‍ എന്നിവരാണ് ടീം പ്രഖ്യാപനം കാത്തിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്‌റ്റില്‍ ഒരു അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ 79 റണ്‍സ് നേടിയത് ഗംഭീറിന് സാധ്യത നല്‍കുന്നുണ്ട്.

അഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പലപ്പോഴും ടീമില്‍ എത്തിയ കരുണ്‍ നായരുടെ ടീമിലേക്കുള്ള പ്രവേശനം വീണ്ടും സംശയത്തിലാണ്. കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍, മുരളി വിജയ് എന്നീ താരങ്ങളെ പിന്തള്ളി മാത്രമാണ് മലയാളി താരത്തിന് ടീം ഇന്ത്യയില്‍ സ്ഥാനം പിടിക്കാനാകുകയുള്ളു.

വെബ്ദുനിയ വായിക്കുക