69 റൺസിന് 6 വിക്കറ്റെന്ന നിലയിൽ നിന്ന് ബംഗ്ലാദേശ് 271ലെത്തി, ക്രെഡിറ്റ് കെ എൽ രാഹുലിൻ്റെ ക്യാപ്റ്റൻസിക്കെന്ന് വിമർശനം

വ്യാഴം, 8 ഡിസം‌ബര്‍ 2022 (15:27 IST)
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനമത്സരവും തോറ്റ് പരമ്പര അടിയറവ് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. മത്സരത്തിൽ സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്നതിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് കെ എൽ രാഹുലായിരുന്നു ഇന്ത്യൻ നിരയെ നയിച്ചത്. ഒരു ഘട്ടത്തിൽ 69 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ തളയ്ക്കാൻ കഴിഞ്ഞിട്ടും 271 എന്ന മികച്ച സ്കോർ കണ്ടെത്താൻ ബംഗ്ലാദേശിനായി.
 
ഫീൽഡ് ചെയ്യിക്കാനും ബൗളിങ് ചെയിഞ്ചുകൾ നടപ്പിലാക്കാനുമുള്ള നായകൻ കെ എൽ രാഹുലിൻ്റെ കഴിവുകേടാണ് ബംഗ്ലാദേശ് കൂടുതൽ റൺസെടുക്കാൻ കാരണമെന്ന് ആരാധകർ പറയുന്നു. രാഹുൽ എന്ത് ചിന്തിക്കുന്നോ അതിന് വിപരീതമായാണ് മത്സരം പോകുന്നതെന്നും ദയനീയമായ ക്യാപ്റ്റൻസിയാണ് താരത്തിൻ്റേതെന്നും വിമർശകർ പറയുന്നു.
 
സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാനോ തന്ത്രങ്ങൾ മെനയാനോ രാഹുലിന് കഴിവില്ലെന്നും ശ്രേയസ് അയ്യരെ പോലുള്ള താരങ്ങൾ ടീമിലുള്ളപ്പോൾ എന്തുകൊണ്ട് വൈസ് ക്യാപ്റ്റൻസ് സ്ഥാനം രാഹുലിന് നൽകുന്നുവെന്നും ആരാധകർ ചോദിക്കുന്നു. ആദ്യമത്സരത്തിൽ ബാറ്റ് കൊണ്ട് തിളങ്ങിയെങ്കിലും രാഹുൽ നഷ്ടപ്പെടുത്തിയ ക്യാച്ചാണ് ഇന്ത്യയെ തോൽപ്പിച്ചത്. ഇത്തവണ അത് മണ്ടൻ ക്യാപ്റ്റൻസിയാണെന്നും ആരാധകർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍