സാമുവല്‍‌സിന് സെഞ്ചുറി; ഇന്ത്യക്ക് 322 റണ്‍സ് വിജയ ലക്ഷ്യം

ബുധന്‍, 8 ഒക്‌ടോബര്‍ 2014 (14:13 IST)
ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍.  ടോസ് നഷ്ട്പ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റിന്‍ഡീസ് 50 ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓവറില്‍ 321 റണ്‍സെടുത്തു. മാര്‍ലണ്‍ സാമുവല്‍സിന്റെ ‌(126) വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിലാണ് വിന്‍ഡീസ് റണ്‍ മല തീര്‍ത്തത്. മാര്‍ലണ്‍ സാമുവല്‍സും ദിനേഷ് രാംദിനും (61) ചേര്‍ന്ന കൂട്ടുകെട്ടാണ് അവര്‍ക്ക് സ്വപ്ന തുല്യമായ സ്കോര്‍ സമ്മാനിച്ചത്. നേരത്തെ ഓസ്ട്രേലിയ നേടിയ 309 റണ്‍സായിരുന്നു കൊച്ചിയിലെ ഏറ്റവും വലിയ സ്കോര്‍. ഈ റെക്കോഡാണ് വിന്‍ഡീസ് തിരുത്തി കുറിച്ചത്. അതുപോലെ തന്നെ കൊച്ചിയിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോറും സാമുവല്‍സിന്റെ പേരിലായി.

നേരത്തെ ടോസ് നേടിയ  ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഡെയ്‌ന്‍ ബ്രാവോയും (17) ഡ്വെയ്ന്‍ സ്മിത്ത് (46) മികച്ച തുടക്കമാണ് വിന്‍ഡീസിന് നല്‍കിയത്. മുഹമ്മദ് ഷമിയുടെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കിയാണ് വിന്‍ഡീസ് നായകന്‍ കൂടാരം കയറിയത്. പിന്നീട് സ്മിത്തും ഡാരെന്‍ ബ്രാവോയും ചേര്‍ന്ന് സ്കോര്‍ ചലിപ്പിക്കുകയായിരുന്നു. രവീന്ദ്ര ജഡേജയുടെ പന്തില്‍ ബൌള്‍ഡയാണ് വെടിക്കെട്ട് താരം സ്‌മിത്ത് പുറത്തായത്. തുടര്‍ന്നെത്തിയ മാര്‍ലണ്‍ സാമുവല്‍സ് ഡാരെന്‍ ബ്രാവോയുമൊത്ത് (28) സ്കോര്‍ മുന്നോട്ട് നയിച്ചു. വന്‍ ഷോട്ടിന് മുതിര്‍ന്ന് പുറത്തായ ഡാരെന്‍ ബ്രാവോയ്ക്ക് ശേഷം എത്തിയ ദിനേഷ് രാംദിനെ കൂട്ടു പിടിച്ച് സാമുവല്‍സ് വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

മികച്ച റണ്‍ റേറ്റ് പാലിക്കുന്നതില്‍ ഇരുവരും മിടുക്ക് കാട്ടിയപ്പോള്‍ വിന്‍ഡീസ് സ്കോര്‍ കുതിക്കുകയായിരുന്നു. കൂട്ടത്തില്‍ സാമുവല്‍സായിരുന്നു ഏറ്റവും അപകടകാരി. ഇരുവരുടെയും കൂട്ടുകെട്ട് പൊളിക്കാന്‍ ധോണി ബൌളര്‍മാരെ മാറി മാറി പരീക്ഷിചെങ്കിലും വിന്‍ഡീസ് താരങ്ങളുടെ ബാറ്റിന്റെ ചൂട് അറിയാനായിരുന്നു ഇവരുടെ വിധി. 45മത് ഓവറില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ രാംദിന്‍ പുറത്താകുബോള്‍ ഒരുവരും ചേര്‍ന്ന് 165 റണ്‍സിന്റെ കൂട്ട് കെട്ട് സ്ഥാപിച്ചിരുന്നു. പുറകെയെത്തിയ കീറണ്‍ പൊള്ളാര്‍ഡിന് (2) താളം കണ്ടെത്താന്‍ കഴിഞ്ഞില്ല മുഹമ്മദ് ഷമിക്ക് വിക്കറ്റ് സമ്മാനിച്ച് അദ്ദേഹം മടങ്ങുകയായിരുന്നു.

കൂറ്റനൊരു ഷോട്ടിന് ശ്രമിച്ച ആന്ദ്രെ റസ്സല്‍ (1) ഷമിയുടെ പന്തില്‍ സിക്‍സറിന് മുതിരുകയും വിരാട് കോഹ്ലിക്ക് ക്യാച്ച് നല്‍കി മടങ്ങുകയുമായിരുന്നു. അവസാന ഓവറികളില്‍ ആളി കത്തുന്ന മുന്‍ വിന്‍ഡീസ് നായകന്‍ ഡാരെന്‍ സമി (9) മികച്ച ഫോമില്‍ നില്‍ക്കുന്ന സാമുവല്‍സിന് പിന്തുണ നല്‍കുന്നതിലാണ് ശ്രമിച്ചത്. ഇന്ത്യയുടെ സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുന്ന അമിത് മിശ്ര, രവീന്ദ്ര ജഡേജയ്ക്കോ, പേസ് ബൌളര്‍മാരായ ഭുവനേശ്വര്‍കുമാര്‍, മൊഹമ്മദ് ഷമി, മോഹിത് ശര്‍മ്മ എന്നിവര്‍ക്കോ വിന്‍ഡീസ് ബാറ്റിംഗ് നിരയെ പിടിച്ച് കെട്ടാന്‍ കഴിഞ്ഞില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക