വീഴ്‌ച മറക്കാനാകാതെ കോഹ്‌ലിയും ധോണിയും; മായാത്ത ആ ദൃശ്യം ഇപ്പോഴും മനസിലുണ്ട് - പകരം ചോദിക്കാന്‍ ധോണി

വെള്ളി, 26 ഓഗസ്റ്റ് 2016 (19:55 IST)
ട്വന്റി - 20 ലോകകപ്പ് സെമിയില്‍ പരാജയപ്പെടുത്തിയതിന്റെ കണക്ക് തീര്‍ക്കാനാണ് മഹേന്ദ്ര സിംഗ് ധോണിയും സംഘവും അമേരിക്കയിലെത്തിയിരിക്കുന്നത്. അതേസമയം ടെസ്‌റ്റിലെ തിരിച്ചടികള്‍ക്ക് പകരം വീട്ടാണ് കുട്ടി ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുമായി ചാള്‍സ് ബ്രാത്‌വെയ്‌റ്റ് മിയാമിയില്‍ എത്തുന്നത്.

ബേസ്‌ബോളും ബാസ്‌ക്കറ്റ് ബോളും ഇഷ്ടപ്പെടുന്ന അമേരിക്കന്‍ ജനതയ്‌ക്ക് ക്രിക്കറ്റിനോടും സ്‌നേഹം ഉണ്ടാക്കാനാണ് രണ്ട് ട്വന്റി 20 മത്സരങ്ങള്‍ അമേരിക്കയില്‍ വച്ചു നടത്താന്‍ തീരുമാനിച്ചത്. ട്വന്റി - 20 ലോകകപ്പിലെ പരാജയത്തിന് പകരം വീട്ടാന്‍ ധോണിയും കോഹ്‌ലിയും ശ്രമിക്കുമ്പോള്‍ വമ്പന്‍ ടീമിനെ ഒരുക്കിയാണ് വിന്‍‌ഡീസ് എത്തുന്നത്.

ക്രിസ് ഗെയ്ല്‍, ഡ്വെയ്ന്‍ ബ്രാവോ, കീരണ്‍ പൊള്ളാര്‍ഡ്, സുനിന്‍ നരെയ്ന്‍, സാമുവല്‍ ബദ്രി, ആന്‍ഡ്രെ റസ്സല്‍ തുടങ്ങിയ ടി 20 സ്‌പെഷലിസ്റ്റുകള്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ബ്രാത്‌വെയ്‌റ്റ് എന്ന പുതിയ നായകന്റെ കീഴില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് വിന്‍ഡീസ് കരുതുന്നത്.

പുതിയ പരിശീലകന്‍ കുംബ്ലെ ആദ്യമായി ധോണിക്കൊപ്പം ചേരുന്ന സീനാണ് ഇന്ത്യന്‍ ക്യാമ്പില്‍. രോഹിത്, ധവാന്‍, കോലി, രഹാനെ, ധോണി എന്നിവര്‍ക്കൊപ്പം കെ എല്‍ രാഹുലിന് അവസരം കിട്ടിയേക്കും.  ബൗളിംഗില്‍ ഭുമ്ര, ഭുവനേശ്വര്‍, ഷമി, അശ്വിന്‍, ജഡേജ എന്നിവര്‍ക്ക് സാധ്യത. അതേസമയം, ധോണിയുടെ വിശ്വസ്തനായ സുരേഷ് റെയ്‌ന ടീമില്‍ ഇല്ല. മുതിര്‍ന്ന താരം യുവരാജ് സിംഗും ടീമില്‍ ഇടം നേടാനായില്ല.

വെബ്ദുനിയ വായിക്കുക