തീയായി ദിനേശ് കാര്‍ത്തിക്, എറിഞ്ഞിട്ട് ബൗളര്‍മാര്‍; ഇന്ത്യക്ക് 'ആവേശ' ജയം

Webdunia
വെള്ളി, 17 ജൂണ്‍ 2022 (22:34 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി 20 യില്‍ ഇന്ത്യക്ക് ഗംഭീര വിജയം. രാജ്‌കോട്ടില്‍ നടന്ന നാലാം ട്വന്റി 20 മത്സരത്തില്‍ 82 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 16.5 ഓവറില്‍ 87 ന് അവസാനിച്ചു. റാസി വാന്‍ ദര്‍ ദസ്സന്‍ (20), ക്വിന്റണ്‍ ഡി കോക്ക് (14), മാര്‍ക്കോ ജാന്‍സന്‍ (12) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കണ്ടത്. 
 
കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ നിലയുറപ്പിക്കും മുന്‍പ് കൂടാരം കയറ്റി. ആവേശ് ഖാന്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. യുസ്വേന്ദ്ര ചഹല്‍ രണ്ടും അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 
 
നേരത്തെ ഇന്ത്യക്ക് വേണ്ടി ദിനേശ് കാര്‍ത്തിക്കും ഹാര്‍ദിക്കും പാണ്ഡ്യയുമാണ് മികച്ച ബാറ്റിങ് പ്രകടനം നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി. 81-4 എന്ന നിലയില്‍ പതറുകയായിരുന്ന ഇന്ത്യയെ സുരക്ഷിത തീരത്ത് എത്തിച്ചതില്‍ ദിനേശ് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് പ്രകടനം എടുത്തുപറണം. 
 
ദിനേശ് കാര്‍ത്തിക് വെറും 27 പന്തില്‍ 55 റണ്‍സ് നേടി. അടിച്ചുകൂട്ടിയത് ഒന്‍പത് ഫോറും രണ്ട് സിക്സും ! സ്ട്രൈക് റേറ്റ് 203.70 ! ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചോടിക്കുകയായിരുന്നു കാര്‍ത്തിക്. ഹാര്‍ദിക് പാണ്ഡ്യ 31 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്സും സഹിതം 46 റണ്‍സ് നേടി. 
 
ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയിലായി. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിലെ വിജയികള്‍ക്ക് പരമ്പര സ്വന്തമാക്കാം. 2-0 ന് പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article