ഒരു മയമൊക്കെ വേണ്ടെ ജോസേട്ടാ.. ഹോളണ്ടിനെ കശാപ്പ് ചെയ്‌ത് ഇംഗ്ലണ്ട് പട, ഏകദിനത്തിലെ ഏറ്റവും ഉയർന്ന് സ്കോർ!

വെള്ളി, 17 ജൂണ്‍ 2022 (19:10 IST)
നെതർലാൻഡ്സിനെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിൻ്റെ സർവ്വാധിപത്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 498 റൺസാണ് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ട് നിരയിൽ ഓപ്പണർ ജേസൺ റോയും നായകൻ ഓയിൻ മോർഗനും മാത്രമാണ് നിറം മങ്ങിയത്.
 
മത്സരം ആരംഭിച്ച് രണ്ടാം ഓവറിലായിരുന്നു ഇംഗ്ലണ്ടിൻ്റെ ആദ്യവിക്കറ്റ് നഷ്ടമായത്. തുടർന്ന് ക്രീസിൽ എത്തിച്ചേർന്ന ഫിൽ സാൾട്ട്- ഡേവിഡ് മലാൻ ജോഡി രണ്ടാം വിക്കറ്റിൽ 222 റൺസാണ് കൂട്ടിചേർത്തത്. 93 പന്തിൽ 122 റൺസെടുത്ത സാൾട്ട് പുറത്താവുമ്പോൾ 29.4 ഓവറിൽ 223 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. രണ്ടാം വിക്കറ്റ് വീണതോടെ കളിയിലേക്ക് തിരിച്ചെത്താമെന്ന ഹോളണ്ടിൻ്റെ പ്രതീക്ഷകൾ പിന്നീട് മലാനും ജോസ് ബട്ട്‌ലറും ചേർന്ന് തച്ചുടയ്ക്കുന്നതാണ് പിന്നീട് കാണാനായത്.
 
ഐപിഎല്ലിൽ എന്താണോ ചെയ്‌തിരുന്നത് അത് ഇംഗ്ലണ്ട് ജേഴ്സിയിലും ആവർത്തിക്കാൻ ജോസ് ബട്ട്‌ലർ നിശ്ചയിച്ചുറപ്പിച്ചതോടെ ഹോളണ്ട് ഫീൽഡർമാർ ബൗണ്ടറിയുടെ തലങ്ങും വിലങ്ങും ഓടേണ്ടതായി വന്നു. വെറും 70 പന്തിൽ നിന്ന് 162 റൺസാണ് ജോസ് ബട്ട്‌ലർ അടിച്ചെടുത്തത്. ഇതിൽ 14 സിക്സും 7 ബൗണ്ടറികളും ഉൾപ്പെടുന്നു.
 
44.3 ഓവറിൽ ഡേവിഡ് മലാനെ നഷ്ടമാവുമ്പോൾ 407 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നാലെ നായകൻ ഓയിൻ മോർഗനെ നഷ്ടപ്പെടെങ്കിലും പിന്നീടെത്തിയ ലിവിങ്ങ്സ്റ്റൺ ബട്ട്‌ലറെ കാഴ്ചക്കാരനാക്കി അടിച്ചുതകർത്തതോടെ ഇംഗ്ലണ്ട് സ്കോർ വാണം വിട്ടത് പോലെ കുതിച്ചു. ലിവിങ്ങ്സ്റ്റൺ 22 പന്തിൽ നിന്ന് 66 റൺസുമായി പുറത്താകാതെ നിന്നു. 6 സിക്സും 6 ഫോറുമടങ്ങുന്നതായിരുന്നു താരത്തിൻ്റെ ഇന്നിങ്ങ്സ്. ഇംഗ്ലണ്ടിനായി ഡേവിഡ് മലാൻ 109 പന്തിൽ 125 റൺസാണ് നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍