ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കണ്ടു. സൂര്യകുമാര്‍ യാദവ് 33 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സ് നേടി പുറത്താകാതെ നിന്നു. കെ.എല്‍.രാഹുല്‍ 56 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും സഹിതം 51 റണ്‍സ് നേടി. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
സ്‌കോര്‍ ബോര്‍ഡില്‍ ഒന്‍പത് റണ്‍സ് ആകുമ്പോഴേക്കും ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. തെംബ ബാവുമ, റിലി റോസ്വാ, ഡേവിഡ് മില്ലര്‍, ട്രിസ്റ്റ്യന്‍ സ്റ്റബ്സ് എന്നിവര്‍ സംപൂജ്യരായി മടങ്ങി. ക്വിന്റണ്‍ ഡി കോക്ക് നേടിയത് ഒരു റണ്‍ മാത്രം.
കൃത്യതയാര്‍ന്ന ബൗളിങ്ങിലൂടെ തുടക്കം മുതല്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിക്കുകയായിരുന്നു ഇന്ത്യ. അര്‍ഷ്ദീപ് സിങ് നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപക് ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതവും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.