India vs New Zealand, 2nd Test Result: പാക്കിസ്ഥാനേക്കാള്‍ വലിയ നാണക്കേടില്‍ ഇന്ത്യ; ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും തോല്‍വി, പരമ്പര നഷ്ടം
359 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 245 ല്‍ അവസാനിച്ചു. രണ്ട് ദിവസങ്ങള്‍ കൂടി ശേഷിക്കെയാണ് പൂണെ ടെസ്റ്റിനു മൂന്നാം ദിനം മൂന്നാം സെഷനില്‍ അവസാനമായത്. ആദ്യഘട്ടത്തില്‍ ആതിഥേയര്‍ അനായാസം ജയിക്കുമെന്ന് തോന്നിയെങ്കിലും ഒന്നാം ടെസ്റ്റിലെ പോലെ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. 65 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 77 റണ്‍സ് നേടിയ യുവതാരം യശസ്വി ജയ്‌സ്വാളിന്റെ പ്രകടനം വെറുതെയായി. 84 പന്തില്‍ 42 റണ്‍സുമായി രവീന്ദ്ര ജഡേജ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. രോഹിത് ശര്‍മ (എട്ട്), വിരാട് കോലി (17), ശുഭ്മാന്‍ ഗില്‍ (23), റിഷഭ് പന്ത് (പൂജ്യം), സര്‍ഫറാസ് ഖാന്‍ (ഒന്‍പത്) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നര്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തി ഒരിക്കല്‍ കൂടി ഇന്ത്യയുടെ അന്ധകനായി.
ഇന്ത്യ - 245/10
2012 നു ശേഷം ആദ്യമായാണ് ഇന്ത്യക്ക് നാട്ടില്‍ ടെസ്റ്റ് പരമ്പര നഷ്ടമാകുന്നത്. 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് 2-1 ന് ഇംഗ്ലണ്ട് ആണ് നാട്ടില്‍വെച്ച് ഇന്ത്യയെ തോല്‍പ്പിച്ചത്. അതിനുശേഷം ഒരു ടീമിനും ഇന്ത്യയില്‍ വന്ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. 2012 നു ശേഷം 18 ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ നാട്ടില്‍ കളിച്ചു. അതില്‍ എല്ലാറ്റിലും ഇന്ത്യയായിരുന്നു ജേതാക്കള്‍. ഇക്കാലയളവില്‍ 42 ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ തോറ്റത് അഞ്ച് മത്സരങ്ങളില്‍ മാത്രം, ഏഴെണ്ണം സമനിലയായിരുന്നു.
സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയ പാക്കിസ്ഥാനെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോളിയത് ഇന്ത്യന്‍ ആരാധകര്‍ ആയിരുന്നു. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളും ജയിച്ച് പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ അതേ ദിവസം തന്നെയാണ് തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര നഷ്ടമാക്കിയത്. മാത്രമല്ല സമീപകാലത്ത് ശ്രീലങ്കയോടു 2-0 ത്തിനു പരമ്പര തോറ്റ ടീമാണ് ന്യൂസിലന്‍ഡ്. നായകന്‍ ടോം ലാതവും ബൗളര്‍ ടിം സൗത്തിയും ഒഴികെ ഇന്ത്യക്കെതിരെ കളിച്ച എല്ലാ ന്യൂസിലന്‍ഡ് താരങ്ങളും ടെസ്റ്റില്‍ മുപ്പത് മത്സരങ്ങളില്‍ കുറവ് മാത്രം കളിച്ചിട്ടുള്ളവരും.