"ഇത് ബെൻ ഷോക്ക്, ബെയർ ഷോ" ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്

വെള്ളി, 26 മാര്‍ച്ച് 2021 (21:28 IST)
ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. കെഎൽ രാഹുലിന്റെ സെഞ്ചുറിയുടെയും കോലി, റിഷഭ് പന്ത് എന്നിവരുടെ അർധ സെഞ്ചുറിയുടെയും മികവിൽ 337 എന്ന ശക്തമായ സ്കോർ ഉയർത്താൻ ഇന്ത്യക്കായെങ്കിലും ബെയർസ്റ്റോയിലൂടെയും ബെൻ സ്റ്റോക്‌സിലൂടെയും ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 39 പന്തുകൾ ബാക്കിനിൽക്കെയാണ് ഇംഗ്ലണ്ട് വിജയം.
 
ഇന്ത്യക്കെതിരായ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ബൗളർമാർക്കെതിരെ ശക്തമായ ആധിപത്യം പുലർത്തിയാണ് ഇംഗ്ലണ്ട് മറുപടി നൽകിയത്. ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോഴേക്കും സ്കോർബോർഡിൽ 110 റൺസ് നേടാൻ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർക്കായി. 55 റൺസെടുത്ത ജേസൺ റോയിയെ രോഹിത് ശർമ റണ്ണൗട്ടാക്കുകയായിരുന്നു.
 
എന്നാൽ തുടർന്ന് വന്ന ബെൻ സ്റ്റോക്‌സും ബെയർസ്റ്റോയും കൂടി ഇംഗ്ലണ്ട് സ്കോർ ഉയർത്തി. 40 പന്തുകളിൽ 50 തികച്ച ബെൻ സ്റ്റോക്‌സ് അവസാന 12 പന്തുകളിൽ നേടിയത് 49 റൺസ്. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ബെൻ സ്റ്റോക്ക്‌സ്-ബെയർസ്റ്റോ ജോഡി ഇന്ത്യൻ വിജയം അപ്രാപ്യമാക്കിയാണ് വിടവാങ്ങിയത്. 
 
52 പന്തിൽ 10 സിക്‌സറും നാല് ഫോറും അടക്കം 99 റൺസെടുത്ത് ബെൻസ്റ്റോക്‌സ് പുറത്താവുമ്പോളേക്കും ടീം സ്കോർ 285 കടന്നിരുന്നു. പിന്നീട് തുടർച്ചയായി ബെയർ സ്റ്റോയും ബട്ട്‌ലറും പുറത്തായെങ്കിലും ലിയാം ലെവിൻസ്റ്റണും ഡേവിഡ് മലാനും ചേർന്ന് ഇംഗ്ലണ്ട് വിജയമുറപ്പിച്ചു. ലിവിൻസ്റ്റൺ 21 പന്തിൽ നിന്നും പുറത്താകാതെ 27 റൺസ് നേടി.
 
112 പന്തിൽ 7 സിക്‌സറുകളും നാല് ഫോറും അടക്കം 124 റൺസാണ് ബെയർ സ്റ്റോ നേടിയത്. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ടും ഭുവനേശ്വർ കുമാർ ഒരു വിക്കറ്റും നേടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍