ഇംഗ്ലണ്ടിനെ കറക്കിവീഴ്‌ത്തി ഇന്ത്യ, അക്‌സർ പട്ടേലിന് ആറ് വിക്കറ്റ്

Webdunia
ബുധന്‍, 24 ഫെബ്രുവരി 2021 (20:38 IST)
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 112 റൺസിന് പുറത്ത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചത്.
 
സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ റണ്‍സെടുക്കാതെ നിന്ന ഓപ്പണര്‍ ഡോം സിബ്ലിയെ രോഹിത്തിന്റെ കയ്യിലെത്തിച്ച് ഇഷാന്ത് ശർമയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. തുടർന്നെത്തിയ ബെയർസ്റ്റോയെ അക്‌സർ പട്ടേൽ പൂജ്യത്തിന് മടക്കി.പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ ജോ റൂട്ടും സാക്ക് ക്രോളിയും ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും റൂട്ടിനെ പുറത്താക്കികൊണ്ട് അശ്വിൻ ഇംഗ്ലണ്ടിന്റെ തകർച്ചയ്‌ക്ക് തുടക്കം കുറിച്ചു.
 
അശ്വിനും അക്‌സർ പട്ടേലും കൂടി ഇംഗ്ലണ്ടിനെ കറക്കി വീഴ്‌ത്തിയപ്പോൾ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 112 റണ്‍സിന് പുറത്തായി.ഇംഗ്ലണ്ടിനായി 53 റണ്‍സെടുത്ത സാക്ക് ക്രോളി മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അതേസമയം തുടർച്ചയായി രണ്ടാം മത്സരത്തിലും അഞ്ചുവിക്കറ്റ് വീഴ്ത്തി അക്ഷര്‍ ചരിത്രം കുറിച്ചു.രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും താരം ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ഇന്ത്യയ്‌ക്കായി രവിചന്ദ്ര അശ്വിൻ മൂന്നും ഇഷാന്ത് ശർമ ഒരു വിക്കറ്റും സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article