ഈ തോല്‍വി സ്വയം വരുത്തിവച്ചത്; പരാജയത്തിന്റെ കാരണങ്ങള്‍ നിരത്തി കോഹ്‌ലി
ബുധന്‍, 17 ജനുവരി 2018 (20:52 IST)
തോല്‍വി സ്വയം വരുത്തിവച്ചതാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. മികച്ച കൂട്ടുകെട്ടുകള്‍ തീര്‍ക്കാന്‍ സാധിക്കാതെ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയതാണ് പരാജയത്തിന് കാരണമായത്. ഫീല്‍ഡിങ്ങില്‍ താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയതെന്നും വാര്‍ത്താ സമ്മേളനത്തില്‍ കോഹ്‌ലി വ്യക്തമാക്കി.
മത്സരം ജയിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ആദ്യ ഇന്നിംഗ്‌സില്‍ താന്‍ നേടിയ 153 റണ്‍സിന് വിലയുണ്ടാകുമായിരുന്നു. മത്സരം ജയിക്കന്‍ കഴിഞ്ഞില്ലെങ്കില്‍ വ്യക്തിഗത നേട്ടങ്ങള്‍ കൊണ്ട് പ്രയോജനമില്ല. കളി നമ്മള്‍ ജയിച്ചിരുന്നുവെങ്കില്‍ ഞാന്‍ 30 റണ്‍സ് നേടിയിരുന്നതെങ്കില്‍പ്പോലും അതിന് കൂടുതല്‍ മൂല്യമുണ്ടാകുമായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചിനു സമാനമായിരുന്നു ഫ്ലാറ്റായ സെഞ്ചൂറിയനിലെ പിച്ചില്‍ നമ്മുടെ ബാറ്റിംഗ് നിര പരാജയമായിരുന്നു. പിച്ചിന്റെ സ്വഭാവം മാറിയപ്പോള്‍ സാഹചര്യം മനസിലാക്കി ഞാന്‍ സഹതാരങ്ങളോട് അപകടത്തെക്കുറിച്ച് പറഞ്ഞിരുന്നു. കുറച്ച് ശ്രദ്ധയോടെ ബാറ്റ് വീശിയിരുന്നുവെങ്കില്‍ കളിയുടെ ഗതി മാറുമായിരുന്നുവെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേതു പോലെ തന്നെ ഈ പരാജയവും ഗ്രൌണ്ടില്‍ ഉപേക്ഷിച്ചു പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും കോഹ്‌ലി പ്രതികരിച്ചു.