ഇന്ത്യ- പാക് ക്രിക്കറ്റ് പരമ്പരയുടെ ഭാവി ഇരുളില്‍

വ്യാഴം, 22 ഒക്‌ടോബര്‍ 2015 (11:31 IST)
ഇന്ത്യ- പാക് ക്രിക്കറ്റ് പരമ്പരയുടെ ഭാവി ഇരുളിലായി. യുഎഇയിൽ ഇന്ത്യ– പാക്ക് പരമ്പര നടക്കാൻ സാധ്യതയുണ്ടെന്നും വാർത്തകൾ വരുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറുമായി മുംബൈയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷഹര്യ‍ാർ ഖാൻ നടത്താനിരുന്ന ചര്‍ച്ച ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ ബഹളത്തേ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

കടുത്ത സമ്മർദം പരമ്പരയുടെ ഭാവിയെ ബാധിച്ചേക്കാമെന്നു ഷഹര്യാർ ഖാൻ പറഞ്ഞു. സാധ്യത വളരെ വിരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ശശാങ്ക് മനോഹറാണ് പിസിബി അധ്യക്ഷനെ ക്ഷണിച്ചത്. എന്നാല്‍ പരമ്പര നീക്കത്തിനെതിരെ രോഷാകുലരായ ശിവ‌സേന പ്രവർത്തകർ ബിസിസിഐ ഓഫിസിലേക്ക് ഇരച്ചുകയറി കല്ലെറിഞ്ഞതോടെ ചർച്ച നടത്താനായില്ല.

പരമ്പര നടക്കുമോ ഇല്ലയോ എന്ന് തീര്‍ത്തുപറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. പ്രതിഷേധങ്ങളും വിവാദങ്ങളും മുറയ്ക്ക് നടക്കുന്ന സാഹചര്യത്തില്‍ പരമ്പര ഉപേക്ഷിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ നിന്ന് പിന്‍‌വാങ്ങുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. പാക് താരങ്ങള്‍ക്ക് നേരെ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

അതിനിടെ ഇന്ത്യ– ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അ‍ഞ്ചാം മൽസരത്തിനുള്ള കമന്ററി ടീമിൽ പാക്കിസ്ഥാന്റെ മുൻതാരങ്ങളായ വസീം അക്രമും ശുഐബ് അക്തറും ഉണ്ടാകില്ല. ശിവസേന കടുത്ത പ്രതിഷേധം അഴിച്ചുവിട്ടതോടെയാണ് ഇവർ പിന്മാറുന്നത്. ചെന്നൈയിലെ നാലാം ഏകദിനത്തിനുശേഷം ഇവർ പാകിസ്ഥാനിലേക്കു മടങ്ങും.

വെബ്ദുനിയ വായിക്കുക