പരിശീലനത്തിനിടയിലും പാക് താരങ്ങളെ ധോണിപ്പട അവഗണിച്ചു; സൗഹൃദം പുതുക്കാന്‍ താരങ്ങള്‍ക്ക് താല്‍പ്പര്യമില്ല- ഹൈവോള്‍ട്ടേജ്‌ പോരാട്ടത്തിന് മുമ്പൊരു പോര്

ശനി, 27 ഫെബ്രുവരി 2016 (15:35 IST)
ലോക ക്രിക്കറ്റിലെ ഹൈവോള്‍ട്ടേജ്‌ മത്സരത്തിനായി മിര്‍പുര്‍ ഒരുങ്ങവെ ഇരു ക്യാമ്പുകളിലും വീറു വശിയും രൂക്ഷം. കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയ ഇന്ത്യ- പക് ടീമുകള്‍ പരസ്‌പരം സംസാരിക്കാനോ ശ്രദ്ധിക്കാനോ താല്‍പ്പര്യം കാണിച്ചില്ല എന്ന വാര്‍ത്തയാണ് ഹൈവോട്ടേജ് പോരാട്ടത്തിന്  മറ്റൊരു തലം നല്‍കിയത്.

മിര്‍പുരിലെ ഖാന്‍ സാഹേബ്‌ ഉസ്‌മാന്‍ അലി സ്‌റ്റേഡിയത്തിലായിരുന്നു വെള്ളിയാഴ്‌ച വൈകിട്ട് ഇരു ടീമുകളുടെയും പരിശീലനം. അടുത്തടുത്ത നെറ്റുകളിലായിരുന്നു ഇരു ടീമുകളുടെയും ബാറ്റിംഗ് ബോളിംഗ് പരിശീലനം‌. നാല് നെറ്റുകളായിരുന്നു ഉണ്ടായിരുന്നത്. രണ്ടെണ്ണം ഇന്ത്യക്കും മറ്റ് രണ്ടണം പാകിസ്ഥാനുമായിരുന്നു. എന്നാല്‍, അടുത്തടുത്ത് നിന്ന് പരിശീലനം നടത്തിയിട്ടും താരങ്ങള്‍ തമ്മില്‍ സൗഹൃദം പുതുക്കാനോ ആശയവിനിമയം നടത്താനോ എന്തിന്‌ അഭിവാദ്യം ചെയ്യാന്‍ പോലും ഇരു ടീമിലെയും താരങ്ങള്‍ തയ്യാറായില്ല എന്നതാണ് ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്.

രാജ്യാന്തര മത്സരങ്ങളുടെ പരിശീലന സെഷനുകളില്‍ ഇരു ടീമികളും തമ്മില്‍ സൗഹൃദം പങ്കിടാനോ ഇടപഴകാനോ മടി കാണിക്കാറില്ല. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ഇന്നു രാത്രി ഏഴിനാണ് ഇന്ത്യ-പാകിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടം.
2015 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ കഴിഞ്ഞ ഫെബ്രുവരി 15നാണ്‌ അവസാനമായി ഇന്ത്യ-പാക്‌ പോരാട്ടം നടന്നത്‌. അന്ന്‌ 76 റണ്‍സിന്‌ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

വെബ്ദുനിയ വായിക്കുക