ഇന്‍ഡോറില്‍ കോഹ്‌ലിയുടെ വിളയാട്ടം; ഗംഭീറിന് പിഴച്ചപ്പോള്‍ വിരാടിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്

ശനി, 8 ഒക്‌ടോബര്‍ 2016 (17:40 IST)
പരമ്പരയിലാദ്യമായി ഫോമിലേക്കുയർന്ന നായകൻ വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ മികവിൽ ന്യൂഡിലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം നാട്ടിൽ ടെസ്റ്റ് സെഞ്ചുറി നേടിയ കോഹ്ലിയുടെ (103*) മികവിൽ ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 267 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

184 പന്തിൽനിന്ന് 10 ബൗണ്ടറികളുടെ സഹായത്തോടെയാണ് കോഹ്ലി സെഞ്ചുറി നേടിയത്. 2013 ഫെബ്രുവരിയിലാണ് അദ്ദേഹം അവസാനം ഇന്ത്യയിൽ (ചെന്നൈയിൽ ഓസ്ട്രേലിയയ്ക്കെതിരെ) സെഞ്ചുറി നേടുന്നത്. ടെസ്റ്റിൽ കോഹ്ലിയുടെ പതിമൂന്നാം സെഞ്ചുറിയാണിത്.

അർധസെഞ്ചുറി പൂർത്തിയാക്കിയ അജിങ്ക്യ രഹാനെയാണ് (79) കോഹ്‍ലിക്കൊപ്പം ക്രീസിൽ. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും 167 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. രഹാനെ ടെസ്റ്റ് ക്രിക്കറ്റിൽ 2000 റൺസ് എന്നനേട്ടം പിന്നിടുകയും ചെയ്തു.

ടോസ് നേടിയ ഇന്ത്യൻ നായകൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഏറെക്കാലത്തിനുശേഷം ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തിയ ഗൗതം ഗംഭീറിന് പക്ഷേ അവസരം മുതലാക്കാനായില്ല. 53 പന്തിൽ 29 റൺസെടുത്ത് നിൽക്കെ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ഗംഭീർ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി.

10 റൺസെടുത്ത മുരളി വിജയിയെ ജീതൻ പട്ടേൽ പുറത്താക്കി. മൂന്നാമനായി ഇറങ്ങിയ ചേതേശ്വർ പൂജാര 108 പന്തിൽ 41 റൺസെടുത്ത് ഇന്ത്യയെ കരകയറ്റി. മിച്ചൽ സാന്റ്നറാണ് പൂജാരയെ പുറത്താക്കിയത്.

വെബ്ദുനിയ വായിക്കുക