കോലിയും രോഹിത്തും ഇല്ലെങ്കില്‍ കാറ്റഴിച്ചിട്ട ബലൂണ്‍ മാത്രം, ഇന്ത്യന്‍ ടീമിന്റെ അവസ്ഥ പരിതാപകരം

Webdunia
ഞായര്‍, 30 ജൂലൈ 2023 (12:53 IST)
ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനെതിരെ പ്രധാനമായും ഉയര്‍ന്നുകേട്ട പരാതിയായിരുന്നു സീനിയര്‍ താരങ്ങളില്‍ കടിച്ചുതൂങ്ങാതെ യുവതാരങ്ങള്‍ക്ക് ഇന്ത്യ കൂടുതല്‍ അവസരം നല്‍കണമെന്ന കാര്യം. രോഹിത് ശര്‍മയും വിരാട് കോലിയും മുഹമ്മദ് ഷമിയുമെല്ലാം അടങ്ങുന്ന സീനിയര്‍ താരങ്ങള്‍ വിരമിക്കലിന്റെ വക്കിലാണെന്നും സമീപകാലത്തായി പഴയകാല പ്രകടനങ്ങളെ പോലെ സ്ഥിരതയോടെ കളിക്കാന്‍ ഈ താരങ്ങള്‍ക്ക് കഴിയുന്നില്ലെന്നും അതിനാല്‍ ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ഇവര്‍ ടീമിന് ബാധ്യതയാകുമെന്നും കരുതിയിരുന്നവര്‍ കുറവല്ല.
 
എന്നാല്‍ കോലി,രോഹിത് തുടങ്ങി സീനിയര്‍ താരങ്ങളില്ലാതെ ഇന്ത്യന്‍ യുവനിര ലോകകപ്പ് യോഗ്യത പോലും നേടാനാവാത്ത ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ വെസ്റ്റിന്ത്യന്‍ ടീമിനെതിരെ പോലും കഷ്ടപ്പെടുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ശുഭസൂചനയല്ല. കോലിയില്ലാതെ ഇറങ്ങിയ ആദ്യ ഏകദിനമത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 115 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്. ഏഴാമനായാണ് മത്സരത്തില്‍ രോഹിത് ശര്‍മ ബാറ്റിംഗിനിറങ്ങിയത്.
 
അതേസമയം രോഹിത്,കോലി എന്നിവരില്ലാതെ രണ്ടാം ഏകദിനത്തിനിറങ്ങിയ ഇന്ത്യന്‍ നിരയ്ക്ക് 200 റണ്‍സ് പോലും ടീം സ്‌കോര്‍ എത്തിക്കാന്‍ സാധിച്ചില്ല. യുവതാരങ്ങളില്‍ ഇഷാന്‍ കിഷന്‍ മാത്രമാണ് രണ്ട് ഏകദിനങ്ങളിലും തിളങ്ങിയത്. ലോകകപ്പ് അവസാനിക്കുന്നതോടെ കോലി,രോഹിത് എന്നീ താരങ്ങള്‍ ഏറെക്കാലം ടീമില്‍ നിലനില്‍ക്കില്ല എന്ന് കണക്കാക്കുമ്പോള്‍ ടെസ്റ്റ്,ഏകദിന ഫോര്‍മാറ്റുകളില്‍ അത്ര ശോഭനമായ ഭാവിയാവില്ല ഇന്ത്യയ്ക്കുണ്ടാവുക.അത് സൂചിപ്പിക്കുന്നതാണ് സമീപകാലത്തെ ഇന്ത്യന്‍ പ്രകടനങ്ങള്‍.
 

അനുബന്ധ വാര്‍ത്തകള്‍

Next Article