ഇന്ത്യ ഇംഗ്ളണ്ട് ഏകദിനം; സഞ്ജു സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ?

ഞായര്‍, 24 ഓഗസ്റ്റ് 2014 (11:51 IST)
ഇന്ത്യ ഇംഗ്ളണ്ട് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി - 20യുമാണ് ഇന്ത്യക്ക് കളിക്കേണ്ടത്. മലയാളിതാരം സഞ്ജു സാംസണിന്  പരമ്പരയുടെ തുടക്കത്തിൽത്തന്നെ കളിക്കാൻ അവസരം ലഭിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. പരിശീലന മത്സരത്തില്‍ സഞ്ജു കളിച്ചിരിന്നു. ആറ് ബോളില്‍ ആറ് റണ്ണായിരുന്നു മലയാളി താരത്തിന്റെ സമ്പാദ്യം.

ലോകകപ്പ് ലക്ഷ്യമിട്ടാണ് ബിസിസിഐ ഈ പരമ്പരയെ കാണുന്നത്. അതിനായി മുഖ്യ കോച്ച് ഡങ്കൻ ഫ്ളച്ചറുടെ മേലായി മുൻ നായകൻ രവി ശാസ്ത്രിയെ ടീം ഡയറക്ടറായി നിയോഗിച്ചുകഴിഞ്ഞു. ബാറ്റിംഗ്  കോച്ചായി സഞ്ജയ് ബംഗാർ, ബൗളിംഗ് കോച്ചായി ബി. അരുൺ, ഫീൽഡിംഗ് കോച്ചായി ആർ ശ്രീധർ എന്നിവരും ടീമില്‍ ഉള്‍പ്പെടും.

യുവതാരങ്ങൾക്ക്  അവസരങ്ങൾ നൽകി ലോകകപ്പിന് മുന്നൊരുക്കം നടത്തുക എന്ന ലക്ഷ്യം ഉള്ളതിനാല്‍ സുരേഷ് റെയ്‌ന,  ഉമേഷ് യാദവ്, ധവാൽ കുൽക്കർണി, അമ്പാട്ടി റായ്ഡു, സഞ്ജു സാംസൺ, കരൺ ശർമ്മ, മോഹിത് ശർമ്മ എന്നിവർ പുതുതായി എത്തും.

നാളെ അരങ്ങേറ്റത്തിന് സഞ്ജുവിന് അവസരം ലഭിക്കുകയാണെങ്കിൽ വിക്കറ്റ് കീപ്പറായി കളിക്കുമോ എന്നത് സംശയമാണ്. കീപ്പിംഗിൽ  ധോണിക്കാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി സഞ്ജു കളിക്കും.

വെബ്ദുനിയ വായിക്കുക