കോഹ്‌ലിക്ക് ടെന്‍‌ഷന്‍, ഇന്ത്യയുടെ ജയത്തിന് തടസമായി ഒരാള്‍ ക്രീസില്‍ - ഇംഗ്ലീഷ് നിര തകരുമോ ?

തിങ്കള്‍, 28 നവം‌ബര്‍ 2016 (17:55 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയത്തിലേക്ക്. വിരാട് കോഹ്‌ലിയുടെയും സംഘത്തിന്റെയും ജയത്തിന് വിഘാതമായി സൂപ്പര്‍ താരം ജോ റൂട്ട് (36*) ക്രീസിലുണ്ട്. റൂട്ടിന് കൂട്ടായി ഗാരത് ബാറ്റിയുമുണ്ട്. മൂന്നാം ദിനം കളിനിർത്തുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 78/4 എന്ന നിലയിൽ പതറുകയാണ്.

രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലീഷ് ബാറ്റ്സ്മാൻ പെട്ടെന്ന് തന്നെ കൂടാരം കയറുകയായിരുന്നു. അശ്വിൻ മൂന്ന് വിക്കറ്റ് നേടി. ജയന്ത് യാദവ് ഒരു വിക്കറ്റുമായി അശ്വിന് പിന്തുണ നൽകി. അലിസ്‌റ്റ് കുക്ക് (12), മോയിന്‍ അലി (5), ബ്രിസ്‌റ്റോ (15), സ്‌റ്റോക്‍സ് (5) എന്നിവരാണ് പുറത്തായ താരങ്ങള്‍.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 417 റൺസിൽ അവസാനിച്ചു. 134 റൺസിന്റെ നിർണായക ലീഡുമായാണ് ഇന്ത്യ ബൗളിംഗിനിറങ്ങിയത്. വാലറ്റത്ത് രവീന്ദ്ര ജഡേജ (90), ആർ അശ്വിൻ (72), ജയന്ത് യാദവ് (55) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 283 റൺസിൽ അവസാനിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക