2007 ലോകകപ്പില്‍ ബംഗ്ലാദേശില്‍ നിന്നേറ്റ തോല്‍വിയുടെ ഓര്‍മകള്‍ മായാതെ നില്‍ക്കുബോള്‍ ഇന്ത്യ-ബംഗ്ലാദേശ് ക്വാർട്ടർ ഫൈനൽ മത്സരം നാളെ മെല്‍ബണില്‍ അരങ്ങേറും. ആദ്യ റൌണ്ടിലെ എല്ലാം മത്സരങ്ങളും ജയിച്ച ഇന്ത്യയും കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്‌ത്തി ക്വാർട്ടറിലെത്തിയ ബംഗ്ലാദേശും തമ്മിലുള്ള മത്സരം തീ പാറുമെന്ന് ഉറപ്പാണ്.
ഇന്ത്യയുടെ കരുത്ത്: -
ബാറ്റിംഗിലും ബോളിംഗിലും താരങ്ങള്‍ ഒരു പോലെ മികവ് പുലര്‍ത്തുന്നതാണ് ഇന്ത്യയുടെ കരുത്ത്. ശിഖര്‍ ധാവാനും, വിരാട് കോഹ്‌ലിയും, നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ബാറ്റിംഗില്‍ തിളങ്ങുന്നതാണ് കരുത്താകുന്നത്. ആറ് കളികളില്‍ നിന്നായി ധവാന്‍ 337 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ അത്രയും മത്സരങ്ങളില്‍ നിന്ന് തന്നെ കോഹ്‌ലി നേടിയത് 301 റണ്‍സാണ്. മധ്യനിരയില്‍ സുരേഷ് റെയ്‌ന, അജിക്യ രാഹാനെ, ധോണി തുടങ്ങിയവര്‍ തിളങ്ങുന്നതും ഇന്ത്യക്ക് ശക്തി പകരും.
എന്നാല്‍ ബാറ്റിംഗിനെക്കാളും ഈ ലോകകപ്പില്‍ ഇന്ത്യന്‍ ബോളര്‍മാരാണ് തിളങ്ങിയത്. പേസ് ബോളറായ മുഹമ്മദ് ഷമിയും സ്‌പിന്നറായ ആര്‍ അശ്വിനുമാണ് ഇന്ത്യന്‍ തേരോട്ടത്തിന് പ്രധാന പങ്ക് വഹിക്കുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് ഷമി 15 വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ അശ്വിന്‍ നേടിയത് 12 വിക്കറ്റുകളാണ്. മോഹിത് ശര്‍മ മികച്ച രീതിയില്‍ പന്തെറിയുന്നതും ആവശ്യമായ സമയങ്ങളില്‍ വിക്കറ്റ് നേടുന്നതും ഗുണകരമാണ്.
ഇന്ത്യയുടെ വീക്ക്നെസ്: -
ലോകകപ്പില്‍ മിന്നുന്ന പ്രകടനം നടത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന രോഹിത് ശര്‍മ പരാജയപ്പെടുന്നതും മികച്ച ഇന്നിംഗ്‌സുകള്‍ കണ്ടെത്താതുമാണ് ധോണിയെ വലയ്‌ക്കുന്ന പ്രധാന പ്രശ്‌നം. ഓള്‍റൌണ്ടറായി ടീമിലെത്തിയെ രവീന്ദ്ര ജഡേജ ബാറ്റിംഗിലും ബോളിംഗിലും പരാജയമാകുകയാണ്. അനാവശ്യ ഷോട്ട് കളിച്ച് പുറത്താകുന്ന ജഡേജയെ ഇന്ത്യന്‍ നായകന്‍ പരസ്യമായി ശാസിക്കുകയും ചെയ്തു. മികച്ച നിലയില്‍ നിന്ന് വന്‍ ടോട്ടലുകള്‍ കണ്ടെത്താന്‍ ടീമിന് കഴിയാത്തതും, മധ്യനിര അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുന്നതും ധോണിക്ക് വെല്ലുവിളിയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.