ഡ്രസിംഗ് റൂം മൂകമാണ്; താരങ്ങള്‍ അധികമൊന്നും സംസാരിക്കുന്നില്ല, സന്തോഷത്തോടെയുള്ള ഒരു മുഖവും കാണാന്‍ സാധിക്കുന്നില്ല, ഇത് സഹിക്കാനാവുന്നില്ല: ബംഗ്ലാദേശ് നായകന്‍

വെള്ളി, 25 മാര്‍ച്ച് 2016 (09:46 IST)
ഇന്ത്യക്കെതിരെ ജയത്തിന്റെ വക്കത്തുനിന്നും തോല്‍‌വി ഏറ്റുവാങ്ങേണ്ടിവന്നത് മറക്കാനാവുന്നില്ലെന്ന് ബംഗ്ലാദേശ് നായകന്‍ മുഷ്‌ഫിക്കര്‍ റഹീം. ജയിക്കാമായിരുന്ന മത്സരത്തില്‍ അപ്രതീക്ഷിതമായ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ശേഷം ഡ്രസ്സിംഗ് റൂം മുഴുവന്‍ മൂകമാണ്. താരങ്ങള്‍ അധികമൊന്നും സംസാരിക്കുന്നില്ല. സന്തോഷത്തോടെയുള്ള ഒരു മുഖവും കാണാന്‍ സാധിക്കുന്നില്ല. ഇത് സഹിക്കാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും ബംഗ്ലാ നായകന്‍ പറയുന്നു.

മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം മതിയായിരിക്കെയും മികച്ച രണ്ട് ബാറ്റ്‌സ്‌മാന്‍‌മാരും ക്രീസിലുണ്ടായിരുന്ന സാഹചര്യത്തില്‍ നിന്നുമാണ് തോല്‍‌വി വഴങ്ങിയത്. ഒരാള്‍ ബാറ്റ് ചെയ്യാനുമുണ്ടായിരുന്നുവെങ്കിലും അവസാന മൂന്ന് പന്തില്‍ മൂന്ന് വിക്കറ്റ് വീഴുകയും തോല്‍വി ഏറ്റുവാങ്ങുകയുമായിരുന്നു. തോല്‍വിയില്‍ ആരെയും കുറ്റപ്പെടുത്താന്‍ തയാറല്ലെങ്കിലും കഠിനമായ സാഹചര്യത്തിലൂടെയാണ് ടീം കടന്നു പോകുന്നതെന്നും മുഷ്‌ഫിക്കര്‍ പറഞ്ഞു.

അവസാന പന്തുകളില്‍ മൂന്ന് റണ്‍സ് വേണ്ടിയിരിക്കെ സര്‍ക്കിളുകളില്‍ ഫീല്‍ഡര്‍മാരെ ഉണ്ടായിരുന്നില്ലാത്തതിനാല്‍ സിംഗിള്‍  മാത്രം മതിയായിരുന്നു ജയിക്കാന്‍. പക്ഷേ അതിന് ക്രീസില്‍ ഉണ്ടായിരുന്നവര്‍ തയാറായില്ല. ഇവര്‍ കുറച്ചുകൂടി ശ്രദ്ധകാണിച്ചിരുന്നുവെങ്കില്‍ ജയം സ്വന്തമാക്കാമായിരുന്നു. തോല്‍വി വളരെ കഠിനമായിപ്പോയെന്നും അത് വിശദീകരിക്കാന്‍ വാക്കുകളില്ല. സാഹചര്യങ്ങള്‍ ശരിക്കും മനസിലാക്കാന്‍ പറ്റിയിരുന്നുവെങ്കില്‍ തോല്‍‌വി ഉണ്ടാകുമായിരുന്നില്ലെന്നും ബംഗ്ലാ നായകന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക