ഓസീസിന്റെ വെല്ലുവിളി ഇന്ത്യ ഏറ്റെടുത്തു, ഓസ്ട്രേലിയയിൽ ഡേ നൈറ്റ് ടെസ്റ്റ് കളിക്കും

അഭിറാം മനോഹർ

തിങ്കള്‍, 17 ഫെബ്രുവരി 2020 (12:04 IST)
ഈ വർഷം നടക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തിൽ ഡേനൈറ്റ് ടെസ്റ്റ് മത്സരവും ഉണ്ടാകുമെന്ന് റിപ്പോർട്ട്. നേരത്തെ ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങളെല്ലാം ഡേ നൈറ്റ് ആയി നടത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇതിനോട് അനുകൂലമായ നിലപാടായിരുന്നില്ല ബിസിസിഐ അധികൃതർ സ്വീകരിച്ചിരുന്നത്. ഇന്ത്യൻ താരങ്ങൾക്കും അതിനൊട് യോജിപ്പുണ്ടായിരുന്നില്ല. ഇതോടെ ഒരു മത്സരം മാത്രം ഡേ നൈറ്റ് മത്സരം കളിക്കാം എന്ന നിലപാട് സ്വീകരിച്ചിരിച്ചിരിക്കുകയാണ് ബിസിസിഐ അധികൃതർ.
 
പ്രമുഖ ക്രിക്കറ്റ് ബോർഡുകളെല്ലാം ഡേ നൈറ്റ് ടെസ്റ്റിന് അനുകൂലമായാണ് ഇതുവരെയും പ്രതികരിച്ചിട്ടുള്ളത്.ഡേ നൈറ്റ് ടെസ്റ്റില്‍ കൂടുതല്‍ കാണികളെ ലഭിക്കുന്നതിനാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്നതാണ് ക്രിക്കറ്റ് ബോര്‍ഡുകളെ പ്രധാനമായും ആകർഷിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യയും ബംഗ്ലദേശും തമ്മിലായിരുന്നു ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം. പിങ്ക് ബോൾ ഉപയോഗിച്ചുള്ള മത്സരത്തെ പറ്റി ആശങ്കകൾ ഉണ്ടായിരുന്നുവെങ്കിലും തകർപ്പൻ പ്രകടനമായിരുന്നു മത്സരത്തിൽ ഇന്ത്യ പുറത്തെടുത്തത്. 

ഇതിനിടയിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കടുത്ത എതിരാളിയായി തുടരുന്ന ഓസ്ട്രേലിയ ഇന്ത്യയെ ഡേനൈറ്റ് മത്സരങ്ങൾ കളിക്കുന്നതിനായി വെല്ലുവിളിച്ചിരുന്നു. ഇന്ത്യൻ നായകൻ കോലിയും വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്ന രീതിയിലായിരുന്നു പ്രതികരണം നൽകിയത്. ഇതിനാണ് ബിസിസിഐ ഇപ്പോൾ അംഗീകാരം നൽകിയത്. കഴിഞ്ഞ വര്‍ഷം കോലിയുടെ നായകത്വത്തില്‍ ആദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. എന്നാൽ അന്ന് വിലക്കിനെ തുടർന്ന് ഓസീസിന്റെ പ്രധാന താരങ്ങളായ വാർണറും സ്മിത്തും ടീമിൽ ഉണ്ടായിരുന്നില്ല. ഒരു വർഷം പിന്നിടുമ്പോൾ ഇവർ മടങ്ങിയെത്തുന്നതും ഒപ്പം ലാബുഷാനെയെ പോലെയൊരു താരത്തിന്റെ സാന്നിധ്യവും ഇന്ത്യക്ക് കടുത്ത വെല്ലുവിളികളാകും ഓസീസ് പരമ്പരയിൽ ബാക്കിവെക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍