20കാരനായ ഇംഗ്ലണ്ട് ഓഫ് സ്പിന്നര്‍ താരം ഷോയ്ബ് ബഷീറിന് വിസ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ഇന്ത്യയിലെത്താന്‍ സാധിക്കാത്തതില്‍ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. പാകിസ്ഥാന്‍ വംശജനായതിനെ തുടര്‍ന്നാണ് താരത്തിന്റെ വിസ പരിഗണിക്കുന്നതില്‍ സാങ്കേതികമായ തടസം നേരിട്ടത്. ഇതോടെ ജനുവരി 25ന് തുടങ്ങാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരാന്‍ താരത്തിന് സാധിച്ചില്ല. ഈ വിഷയത്തില്‍ ഇംഗ്ലണ്ട് നായകനായ ബെന്‍ സ്‌റ്റോക്‌സ് അതൃപ്തി പരസ്യമാക്കിയിരുന്നു.
ടെസ്റ്റ് പരമ്പരയ്ക്ക് മുന്നെയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് ഇന്ത്യന്‍ നായകനോട് ചോദ്യം വന്നതിനെ തുടര്‍ന്നാണ് രോഹിത് വിഷയത്തില്‍ പ്രതികരിച്ചത്. അവന്‍ ഇംഗ്ലണ്ട് ടീമിനൊപ്പം ആദ്യമായി ചേരുകയാണ്. ഇന്ത്യയിലെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നതില്‍ എനിക്കും പ്രയാസമുണ്ട്. ഇത് ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍ ഇംഗ്ലണ്ടിലേക്ക് പോകുമ്പോള്‍ സംഭവിക്കുന്നതായാലും അത് ദൗര്‍ഭാഗ്യകരമാണ്. ഇതില്‍ കൂടുതല്‍ വിശദീകരണം നടത്താന്‍ ഞാന്‍ ആളല്ല. എനിക്ക് വിസ ഓഫീസില്‍ ഇരിക്കുന്ന ജോലിയല്ല. അവന്‍ എത്രയും വേഗം ഇംഗ്ലണ്ട് ടീമിനൊപ്പം ചേരട്ടെ. മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകട്ടെ. രോഹിത് പറഞ്ഞു.
നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിംഗ് താരം ഉസ്മാന്‍ ഖവാജ ഇന്ത്യയില്‍ ടെസ്റ്റ് മത്സരത്തിനായി എത്തിയപ്പോഴും സമാനമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഡിസംബറില്‍ ഇന്ത്യന്‍ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടും അവസാന നിമിഷം വിസ പ്രശ്‌നങ്ങളില്‍ കുടുങ്ങിയതാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിനെ ചൊടുപ്പിച്ചത്.തനിക്കൊപ്പം കളിച്ച മറ്റ് താരങ്ങള്‍ക്ക് ഇതിന് മുന്‍പും സമാനമായ അനുഭവം ഉണ്ടായതായി ബെന്‍ സ്‌റ്റോക്‌സ് വ്യക്തമാക്കിയിരുന്നു.