ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്‌ഥാനത്തുള്ള ഗുജറാത്ത് ലയണ്‍സിന് വീണ്ടും തിരിച്ചടി. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ലയണ്‍സിന് അഞ്ചു വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ലയണ്‍സ് 20 ഓവറില്‍ 126 റണ്‍സെടുത്തപ്പോള്‍ സണ്‍റൈസേഴ്സ് ഒരോവറും അഞ്ചു വിക്കറ്റും ബാക്കി നിര്‍ത്തി ലക്ഷ്യം മറികടന്നു. 40 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്ന ശീഖര്‍ ധവാനാണ് സണ്‍റൈസേഴ്സിന്റെ വിജയശില്‍പി.
നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ വാര്‍ണര്‍ ലയണ്‍സിനെ ബാറ്റിങ്ങിന് അയയ്‌ക്കുകയായിരുന്നു. പേരുകേട്ട ആക്രമണ ബാറ്റ്‌സ്മാന്മാരായ ഡെ്വയ്‌ന്‍ സ്‌മിത്തും ബ്രണ്ടന്‍ മക്കല്ലവും ഉണ്ടായിട്ടും ആദ്യ രണ്ടു ഓവറുകള്‍ മെയ്‌ഡന്‍ ആക്കിയായിരുന്നു ലയണ്‍സിന്റെ തുടക്കം.ഹൈദരാബാദിന്റെ ബൗളിങ് ഓപ്പണര്‍മാരായ ഭുവനേശ്വര്‍ കുമാറും ആശിഷ് നെഹ്‌റയും മികച്ച ലൈനിനലും ലെങ്‌തിലും പന്തെറിഞ്ഞപ്പോള്‍ ലയണ്‍സ് ബാറ്റ്‌സ്മാന്മാര്‍ റണ്ണെടുക്കാന്‍ ബുദ്ധിമുട്ടി. 42 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 51 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചിന് മാത്രമാണ് ലയണ്‍സ് നിരയില്‍ തിളങ്ങാനായുള്ളു.
ഓപ്പണിംഗ് വിക്കറ്റില്‍ വാര്‍ണര്‍-ധവാന്‍ സഖ്യം 26 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അപകടകാരിയായ വാര്‍ണര്‍(24) വീണശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാക്കി ഹൈദരാബാദ് തോല്‍വി മുന്നില്‍ക്കണ്ടു. വില്യാസണ്‍(6), ഹെന്‍റിക്കസ്(14), ഈ സീസണില്‍ ആദ്യമായി പാഡണിഞ്ഞ യുവരാജ് സിംഗ്(5) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ദീപക് ഹൂഡയെ(18) കൂട്ടുപിടിച്ച് ധവാന്‍ നടത്തിയ പോരാട്ടമാണ് ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിച്ചത്.