പാകിസ്ഥാൻ ശരാശരി ടീം, സെമിയിലെത്തില്ല: ആദ്യ നാലിൽ എത്തുക ഈ ടീമുകളെന്ന് ഹർഭജൻ

വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (17:57 IST)
ഏകദിന ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലോകകപ്പില്‍ ആരെല്ലാം സെമിയിലെത്തുമെന്ന പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഏകദിനത്തില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടീമാണെങ്കിലും ലോകകപ്പില്‍ സെമിയിലെത്താന്‍ പാകിസ്ഥാന് സാധിക്കില്ലെന്ന് ഹര്‍ഭജന്‍ പറയുന്നു. പാകിസ്ഥാന്‍ ശരാശരി ടീം ആണെന്നും ടി20 ക്രിക്കറ്റിലാണ് അവരുടെ ശക്തിയെന്നും ഹര്‍ഭജന്‍ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
 
ആളുകള്‍ പാകിസ്ഥാന്‍ സെമിഫൈനലിലെത്തുമെന്നെല്ലാം പറയുന്നു. പക്ഷേ എന്റെ അഭിപ്രായത്തില്‍ ഒരു ശരാശരി ടീം മാത്രമാണ് പാകിസ്ഥാന്‍. ടി20യിലാണ് അവര്‍ മികച്ച പ്രകടനം നടത്തുന്നത്. ആതിഥേയരായ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ,ന്യൂസിലന്‍ഡ് ടീമുകളാകും സെമിയിലെത്തുക. ഇതില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും സെമിയിലെത്തുമെന്ന് ഉറപ്പാണ്. നാലാമത്തെ ടീം ന്യൂസിലന്‍ഡാണെന്ന് കരുതുന്നു. ഹര്‍ഭജന്‍ പറഞ്ഞു. ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടനമത്സരം. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍