14.25 കോടിയ്ക്ക് മാക്സ്‌വെൽ അർഹനോ ? തിളങ്ങിയത് വെറും രണ്ട് സീസണുകളിൽ: കണക്കുകൾ നോക്കാം

ശനി, 20 ഫെബ്രുവരി 2021 (13:12 IST)
ഐപിഎലിൽ എക്കാലത്തും വലിയ ഡിമാൻഡുള്ള താരമാണ് ഓസ്ട്രേലിയയുടെ ഓൾറൗണ്ടർ മാക്സ്‌വെൽ, ഓരോ സീസണിലും വലിയ തുകയ്ക്കാണ് താരത്തെ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ ഇതിനനുസരിച്ച പ്രകടനം മാക്സ്‌വെലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടോ ? ഇല്ല എന്ന് കണക്കുകൾ പരിശോധിച്ചാൽ കാണാനാകും. ഒരു സീസണിൽ മാത്രമാണ് താരത്തിൽ നിന്നും മികച്ച പ്രകടനം ഉണ്ടായിട്ടുള്ളത്. ഒരു സീസണിൽ ഭേദപ്പെട്ട പ്രകടനവും നടത്തി. മറ്റെല്ലാ സീസണിലും നിരാശപ്പെടുത്തുന്നത് തന്നെയായിരുന്നു താരത്തിന്റെ പ്രകടനം. ഈ വിമർശനങ്ങൾ നേരിടുന്നുണ്ടെങ്കിലും പഞ്ചാബ് റിലീസ് ചെയ്ത താരത്തെ 14.25 കൊടിയ്ക്കാണ് ആർസിബി സ്വന്തമാക്കിയത്.
 
2013ൽ 5.32 കോടിയ്ക്ക് മുംബൈ ഇന്ത്യൻസ് ആണ് മാക്സ്‌വെലിനെ ആദ്യം ഒപ്പം കൂട്ടുന്നത്. എന്നാൽ അരങ്ങെറ്റ സീസണിൽ വെറും 36 റൺസ് മാത്രമായിരുന്നു താരത്തിന്റെ സംഭാവന. 2014ൽ മുംബൈ കൈവിട്ടതോടെ ആറ് കോടി രൂപയ്ക്ക് താരത്തെ കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. ആ സീസണിൽ മികച്ച പ്രകടനം ഉണ്ടായി 552 റൺസ് അടിച്ചെടുത്ത താരം റൺസ് വേട്ടയിൽ മൂന്നാം സ്ഥാനത്തെത്തി. 2017 വരെ സ്ഥാനം പഞ്ചാബിൽ. 2015ൽ 145 റൺസും 2016ൽ 179 റൺസുമാണ് സംഭാവന. എന്നാൽ 2017ൽ 310 എന്ന ഭേദപ്പെട്ട പ്രകടനം ഉണ്ടായി. 2018ൽ 9 കൊടി രൂപയ്ക്ക് താരം ഡൽഹിയിലെത്തി. ആ സീസണിൽ ആകെ നേടിയ റൺസ് 169. 2020ൽ 10.75 കോടിയ്ക്ക് താരത്തെ വീണ്ടും പഞ്ചാബ് സ്വന്തമാക്കി. എന്നാൽ കഴിഞ്ഞ സീസണിലുടനീളം ദയനീയ പ്രകടനമാണ് താരത്തിൽനിന്നും ഉണ്ടായത്. ആകെ നേടിയത് 108 റൺസാണ്. ആർസിബിയിൽ താരം മികച്ച പ്രകടനം പുറത്തെടുക്കുമോ എന്നാണ് ഇപ്പോൾ ഐപിഎൽ പ്രേമികൾ ഉറ്റുനോക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍