ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരികുകയാണ് ഗൌതം ഗംഭീർ. 2015ലെ ലോകകപ്പ് ടീമിൽ തെന്നെയും സെവാഗിനെയും സച്ചിൻ ടെൻഡുൽക്കറെയും ഒരുമിച്ച് കളിപ്പിക്കാനാകില്ല എന്ന് ധോണി 2012ൽ തന്നെ പ്രഖ്യാപിച്ചിരുന്നതായാണ് ഗംഭീറിന്റെ വെളിപ്പെടുത്തൽ. വിരമിക്കൽ മത്സരത്തിന് ശേഷമാണ് ഗംഭീർ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
‘അതൊരു വലിയ ഷോക്കായിരുന്നു എനിക്ക്. എനിക്ക് മാത്രമല്ല ഏതൊരു ക്രിക്കറ്റ് പ്ലെയർക്കും അതൊരു ഷോക്ക് തന്നെയായിരിക്കും. ലോകകപ്പ് നടക്കുന്നതിന് മൂന്ന് വർഷങ്ങൾ ശേഷിക്കെ നിങ്ങൾ ടീമിൽ ഉണ്ടാകില്ല എന്ന് ആർക്കെങ്കിലും പറയാനാകുമോ. പക്ഷേ എന്നിട്ടും ഞങ്ങൾക്ക് ഒരുമിച്ച് കളിക്കാൻ സാധിച്ചു‘ ഗംഭീർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഹൊബാർട്ടിൽ ജയം അനിവാര്യമായി ശ്രീലാങ്കയെ നേരിട്ടപ്പോൾ ഞങ്ങൾ ഒരുമിച്ചിറങ്ങി. സേവാഗും സച്ചിനും ഓപണർമാരായി ഇറങ്ങി, ഞാൻ വൻ ഡൌണും. 321 എന്ന വിജയലക്ഷ്യം നമ്മൾ 37 ഓവറിൽ മറികടന്നു. ഈ പരമ്പരയിൽ റൊട്ടേഷൻ സിസ്റ്റത്തിന്റെ പേരിൽ ഞങ്ങളെ ഒരുമിച്ച് കളിപ്പിച്ചിരുന്നില്ല. പക്ഷേ ജയം അനുവാര്യമായി വന്നപ്പോൾ ഞങ്ങളെ ഒരുമിച്ച് കളത്തിലിറക്കാൻ ധോണി നിർബന്ധിതനായി. ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ചുനിൽക്കണം അല്ലാതെ തോന്നുംപോലെ മാറ്റരുത്‘ ഗംഭീർ തുറന്നടിച്ചു.
ക്രിക്കറ്റ് കരിയറിൽ താൻ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ അനിൽ കുംബ്ലെയാണ് എന്ന് തുറന്നു പറയാനും ഗംഭീർ മടിച്ചില്ല. രാഹുൽ ദ്രാവിഡ്, കൊഹ്‌ലി എന്നിവരുടെ ക്യാപ്റ്റൻസിക് കീഴിലും ഗംഭീർ കളിച്ചിട്ടുണ്ട്. 2004ൽ രാഹുൽ ദ്രാവിഡ് നായകനായിരിക്കെയാണ് ഗംഭീർ രാജ്യാന്തര ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2007-2008 കാലഘട്ടത്തിലാണ് താരം കുംബ്ലെയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ചിട്ടുള്ളത്.
അതേസമയം വിജയം നേടി കരിയർ അവസാനിപ്പിക്കുക എന്ന മോഹം നേടാൻ ഗൌതം ഗംഭീറിനായില്ല. രഞ്ജി ട്രോഫിയിൽ ആന്ധ്രക്കെതിരെ വിജയം ഉറപ്പാക്കി നിൽക്കുന്ന സാഹചര്യത്തിൽ മഴ വില്ലനായി എത്തുകയായിരുന്നു. 77 റൺസ് വിജയലക്ഷ്യം കണ്ട് ഇറങ്ങിയ ഡെൽഹി ജയത്തിന് അരികെ നിൽക്കെ വെളിച്ചക്കുറവ് മൂലം അംപയർ കളി അവസാനിപ്പിച്ചു. മത്സരത്തിന്റെ ആദ്യ ഇന്നിംഗിസിൽ ഗംബീർ സെഞ്ച്വറി നേടിയിരുന്നു.