ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തിളങ്ങാനാവാതിരുന്ന ഇന്ത്യൻ നായകൻ വിരാട് കോലിയെ വിമർശിക്കുന്നവരുടെ വായടപ്പിച്ച് മുൻ പാക് നായകൻ ഇൻസമാം ഉൾ ഹഖ്. കോലിയുടെ ബാറ്റിങ്ങ് ടെക്നിക്കിനെ പറ്റി ഒരു പാട് സംസാരിക്കുന്നുണ്ട്. സത്യത്തിൽ ഇത്തരത്തിലുള്ള വിമർശനങ്ങൾ കേൾക്കുമ്പോൾ അത്ഭുതമാണ് തോന്നുന്നത്. 70 രാജ്യാന്തര സെഞ്ചുറികൾ സ്വന്തം പേരിലുള്ള ഒരു കളിക്കാരന്റെ ടെക്‌നിക്കിനെയാണ് ചിലർ വിമർശിക്കുന്നതെന്നും ഇൻസമാം പറഞ്ഞു.
കഠിനമായി പരിശീലിച്ചാലും ഇത്തരം പരാജയങ്ങള്‍ എല്ലാ കളിക്കാരുടെയും കരിയറില്‍ സ്വാഭാവികമാണ് മുൻപ് പാക് താരം മുഹമ്മദ് യൂസഫും ഇത്തരം പ്രതിസന്ധിഘട്ടത്തിലൂടെ കടന്ന് പോയിട്ടുണ്ട്. അത് യൂസഫിന്റെ ബാക്ക് ലിഫ്റ്റിന്റെ പ്രശ്‌നമാണെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാൽ യൂസഫിനോട് ഞാൻ പറഞ്ഞത് ഈ ബാക്ക് ലിഫ്റ്റ് വെച്ച് തന്നെയല്ലെ നീ ഇത്രയും റൺസടിച്ചത് അന്നില്ലാത്ത പ്രശ്‌നം ഇന്നെങ്ങനെ വന്നു. കോലിയെ മാത്രം തിരഞ്ഞുപിടിച്ചു വിമർശിക്കുന്നവർ മറ്റ് ഇന്ത്യൻ ബാറ്റ്സ്മാന്മാരും മോശം പ്രകടനമാണ് നടത്തിയതെന്ന് സൗകര്യപൂർവ്വം മറക്കുകയാണ്.ഇതെല്ലാം തന്നെ കളിയുടെ ഭാഗമാണ്. അത് അതിന്റെ രീതിയിൽ മാത്രം സ്വീകരിക്കുക എന്നത് മാത്രമാണ് ചെയ്യാനാവുന്നതെന്നും ഇൻസമാം പറഞ്ഞു.
ടെസ്റ്റ് റാങ്കിങ്ങിൽ നിലവിൽ രണ്ടാമതുള്ള ഇന്ത്യൻ നായകന് ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 38 റൺസ് മാത്രമെടുക്കാനെ കഴിഞ്ഞുള്ളു. ഇതിന് ശേഷമാണ് കോലിക്ക്എതിരെയുള്ള വിമർശനങ്ങൾ ശക്തമായത്.