Hardik Pandya: ഷോ ഓഫ് കാണിക്കാന്‍ നോക്കിയതാ, പക്ഷേ ഒത്തില്ല; ഗുജറാത്ത് തോല്‍ക്കാന്‍ കാരണം ഹാര്‍ദിക്കും നെഹ്‌റയുമെന്ന് ആരാധകര്‍

ചൊവ്വ, 30 മെയ് 2023 (13:22 IST)
Hardik Pandya: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ഗുജറാത്ത് ടൈറ്റന്‍സ് തോല്‍ക്കാന്‍ പ്രധാന കാരണം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും പരിശീലകന്‍ ആശിഷ് നെഹ്‌റയുമാണെന്ന് ആരാധകര്‍. അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മോഹിത് ശര്‍മയാണ് ഗുജറാത്തിന് വേണ്ടി അവസാന ഓവര്‍ എറിഞ്ഞത്. അവസാന ഓവറിനിടെ നെഹ്‌റയും പാണ്ഡ്യയും നടത്തിയ അനാവശ്യ ഇടപെടലാണ് ഗുജറാത്തിന്റെ കൈയില്‍ നിന്ന് വിജയം തട്ടിമാറ്റിയതെന്ന് ആരാധകര്‍ പറയുന്നു. 
 
അവസാന ഓവറിലെ ആദ്യ നാല് പന്തുകള്‍ വളരെ മികച്ച രീതിയിലാണ് മോഹിത് എറിഞ്ഞത്. ആദ്യ ബോളില്‍ റണ്‍സൊന്നും എടുക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചില്ല. ആദ്യ മൂന്ന് പന്തുകള്‍ യോര്‍ക്കറുകളും നാലാം പന്ത് ലോ ഫുള്‍ ടോസും ആയിരുന്നു. ഈ നാല് പന്തുകളില്‍ നിന്ന് ആകെ പിറന്നത് വെറും മൂന്ന് റണ്‍സ് മാത്രം. കളി ഗുജറാത്ത് ജയിക്കുമെന്ന സ്ഥിതിയിലേക്ക് എത്തി. അപ്പോഴാണ് ഡഗ്ഔട്ടില്‍ നിന്ന് നെഹ്‌റ ട്വല്‍ത്ത് മാനെ പറഞ്ഞു വിടുന്നത്. 
 
അവസാന രണ്ട് പന്തുകളില്‍ നിന്ന് 10 റണ്‍സ് ജയിക്കാന്‍ വേണ്ട സമയത്ത് പാണ്ഡ്യയും നെഹ്‌റയും നല്‍കിയ നിര്‍ദേശങ്ങളാണ് മോഹിത്തിന്റെ അതുവരെ ഉണ്ടായിരുന്ന താളം തെറ്റിച്ചതെന്ന് ആരാധകര്‍ പറയുന്നു. ഇടവേളയില്ലാതെ അവസാന രണ്ട് പന്തുകള്‍ കൂടി എറിഞ്ഞിരുന്നെങ്കില്‍ ആദ്യ നാല് പന്തുകള്‍ പോലെ മികച്ച ഡെലിവറികള്‍ ആയിരുന്നേനെ എന്നാണ് ആരാധകര്‍ പറയുന്നത്. പാണ്ഡ്യയുടെ ഇടപെടല്‍ മോഹിത്തിന് സമ്മര്‍ദ്ദമായി കാണുമെന്നും ആരാധകര്‍ പറയുന്നു. അനാവശ്യ ഇടപെടലിലൂടെ ഷോ ഓഫ് ഇറക്കാന്‍ നോക്കിയതാണ് പാണ്ഡ്യയെന്ന് ആരാധകര്‍ ട്രോളുന്നു. അതേസമയം മത്സരത്തില്‍ തോറ്റതിനു പിന്നാലെ ഹാര്‍ദിക് മോഹിത്തിനെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍