അണ്ടർ 19 ലോകകപ്പ്: പൊരുതി തോറ്റ് അഫ്‌ഗാൻ, 24 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ഫൈനലിൽ

Webdunia
ബുധന്‍, 2 ഫെബ്രുവരി 2022 (16:21 IST)
അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനു മുന്നില്‍ പൊരുതി വീണ് അഫ്ഗാനിസ്താന്‍ യുവനിര. 15 റൺസ് വിജയത്തോടെ ഇംഗ്ലണ്ട് ഫൈനൽ പ്രവേശനം നേടി.1998-ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. 
 
മഴമൂലം 47 ഓവറാക്കി വെട്ടിചുരുക്കിയ മത്സരത്തിൽ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് 231 റൺസാണ് നേടിയത്. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാന്റെ വിജയക്ഷ്യം 47 ഓവറില്‍ 231 റണ്‍സായി പുനര്‍നിശ്ചയിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് പക്ഷേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
 
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 36ആം ഓവർ വരെ പിടിച്ചുനിർത്താൻ അഫ്‌ഗാനായി. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒന്നിച്ച ജോര്‍ജ് ബെല്‍ - അലക്‌സ് ഹോര്‍ട്ടണ്‍ സഖ്യമാണ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന നിലയിലെത്തിച്ചത്.67 പന്തുകള്‍ നേരിട്ട ബെല്‍ ആറ് ബൗണ്ടറികളടക്കം 56 റണ്‍സോടെ പുറത്താകാതെ നിന്നു. ഹോര്‍ട്ടണ്‍ വെറും 36 പന്തില്‍ നിന്ന് ഒരു സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും സഹായത്തോടെ 53 റൺസെടുത്തു.
 
മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ മുഹമ്മദ് ഇഷാഖ് - അല്ലാ നൂര്‍ സഖ്യം 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചതാണ്.എന്നാല്‍ ഇരുവരും പുറത്തായതോടെ അഫ്ഗാന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article