സെവാഗുമായി താരതമ്യം, യുവതാരത്തെ പ്രശംസിച്ച് സമ്മർദ്ദത്തിലാക്കി കരിയർ നശിപ്പിക്കരുതെന്ന് ഗംഭീർ

അഭിറാം മനോഹർ
ഞായര്‍, 4 ഫെബ്രുവരി 2024 (11:22 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരട്ടസെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിങ്ങ്‌സിന്റെ നെടുന്തൂണായ യശ്വസി ജയ്‌സ്വാളിനെ പുകഴ്ത്തി ഇല്ലാതാക്കരുതെന്ന മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. യശ്വസി മികച്ച യുവതാരമാണെന്നും എന്നാല്‍ അമിതമായ പ്രതീക്ഷകളുടെ ഭാരം കയറ്റി അവനെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും ഗംഭീര്‍ വ്യക്തമാക്കി.
 
ഇംഗ്ലണ്ടിനെതിരെ ഇരട്ടസെഞ്ചുറി നേടിയ ജയ്‌സ്വാളിനെ അഭിനന്ദിക്കുന്നു. അതിനേക്കാള്‍ പ്രധാനമായി എല്ലാവരോടുമായി എനിക്ക് പറയാനുള്ളത് അവനെ പുകഴ്ത്തി നശിപ്പിക്കരുത് എന്നാണ്. അവന്‍ അവന്റെ സ്വാഭാവികമായ കളി പുറത്തെടുക്കട്ടെ. ഇന്ത്യയില്‍ മുമ്പും നമ്മള്‍ ഇത് കണ്ടിട്ടുണ്ട്. മാധ്യമങ്ങള്‍ ഏതെങ്കിലും താരം മികച്ച പ്രകടനം നടത്തുമ്പോഴേക്കും അവനെ പ്രശംസിച്ച് വലിയ നായകന്മാരാക്കും അതോടെ അവരുടെ മുകളിലുള്ള സമ്മര്‍ദ്ദം കൂടുകയും കളിക്കാര്‍ക്ക് സ്വാഭാവികമായ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെയും വരും.
 
അതിനാല്‍ തന്നെ അവനെ കളിക്കാരന്‍ എന്ന നിലയില്‍ അവനെ വളരാന്‍ അനുവദിക്കു. അവന്‍ ക്രിക്കറ്റ് ആസ്വദിച്ച് കളിക്കട്ടെ. ഗംഭീര്‍ പറഞ്ഞു.ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ 80 റണ്‍സടിച്ച ജയ്‌സ്വാള്‍ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ ഇരട്ടസെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ഇതോടെയാണ് ഓപ്പണറായി തകര്‍ത്തടിക്കുന്ന ജയ്‌സ്വാളിനെ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗിന്റെ ശൈലിയുമായി താരതമ്യം ചെയ്തുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. സെഞ്ചുറിക്കരികെ നില്‍ക്കെ സിക്‌സടിച്ച് സെഞ്ചുറി തികച്ച യശ്വസിയുടെ ശൈലിയാണ് സെവാഗുമായുള്ള താരതമ്യങ്ങള്‍ക്ക് ഇടയാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article