ഭാര്യ കൂട്ടുക്കാരനെ പ്രണയിച്ചു, ഒടുവില്‍ വിവാഹമോചനം; അറിയപ്പെടുന്ന ക്രിക്കറ്റ് താരങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത്

വെള്ളി, 13 ഓഗസ്റ്റ് 2021 (15:50 IST)
സിനിമാകഥ പോലെ ട്വിസ്റ്റ് നിറഞ്ഞ സംഭവങ്ങളാണ് ഏറെ പ്രശസ്തരായ ചില ക്രിക്കറ്റ് താരങ്ങളുടെ കുടുംബ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളത്. സുഹൃത്തും സഹതാരവുമായ ആളെ സ്വന്തം ഭാര്യ പ്രണയിക്കുകയും അതറിഞ്ഞപ്പോള്‍ ഈ ക്രിക്കറ്റ് താരങ്ങള്‍ ചെയ്തത് എന്താണെന്നും അറിയുമോ? 
 
ദിനേശ് കാര്‍ത്തിക്-മുരളി വിജയ്
 
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ദിനേശ് കാര്‍ത്തിക്കിന്റെ പ്രണയങ്ങളും കുടുംബ ജീവിതവും സംഭവബഹുലമായിരുന്നു. കുട്ടിക്കാലം മുതല്‍ നികിത വന്‍ജരയുമായി അടുപ്പത്തിലായിരുന്നു ദിനേശ് കാര്‍ത്തിക്. ഇരുവരും ഒന്നിച്ചാണ് വളര്‍ന്നത്. കാര്‍ത്തിക്കിന്റെയും നികിതയുടെയും കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമുണ്ടായിരുന്നു. കാര്‍ത്തിക്കിനെയും നികിതയെയും ജീവിതത്തില്‍ ഒന്നിപ്പിക്കാന്‍ ഇരു കുടുംബങ്ങളും തീരുമാനിച്ചു. കാര്‍ത്തിക്കും നികിതയും പൂര്‍ണ്ണ സമ്മതമറിയിച്ചു. 2007 ലാണ് ഇരുവരുടെയും വിവാഹം. നികിതയെ വിവാഹം കഴിക്കുമ്പോള്‍ കാര്‍ത്തിക്കിന്റെ പ്രായം വെറും 21 ആയിരുന്നു. മുംബൈയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. 
 
നികിതയുടെയും കാര്‍ത്തിക്കിന്റെയും കുടുംബ ജീവിതത്തിന് വെറും അഞ്ച് വര്‍ഷം മാത്രമെ ആയുസുണ്ടായിരുന്നുള്ളൂ. തമിഴ്നാട് ടീമില്‍ ദിനേശ് കാര്‍ത്തിക്കിന്റെ സഹതാരമായിരുന്ന മുരളി വിജയുമായി നികിതയ്ക്ക് ബന്ധമുണ്ടായിരുന്നു. 2012 ല്‍ തമിഴ്നാടിന് വേണ്ടി വിജയ് ഹസാരെ ട്രോഫി കളിക്കുമ്പോഴാണ് തന്റെ ഭാര്യക്ക് മുരളി വിജയുമായി ബന്ധമുണ്ടെന്ന് കാര്‍ത്തിക് അറിഞ്ഞത്. ഇത് പിന്നീട് വിവാഹമോചനത്തിലേക്ക് നയിച്ചു. 
 
കാര്‍ത്തിക്കുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ നികിത പിന്നീട് മുരളി വിജയിയെ വിവാഹം ചെയ്തു. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട് ഇപ്പോള്‍. ദിനേശ് കാര്‍ത്തിക്കും മുരളി വിജയും ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. 
 
പിന്നീട് 2015 ലാണ് ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലുമായി അടുപ്പത്തിലാകുന്നത്. ഇരുവരുടെയും ഫിറ്റ്നെസ് സെക്ഷന് മേല്‍നോട്ടം വഹിച്ചിരുന്നത് ഒരേ പരിശീലകനാണ്. ഇരുവരുടെയും സൗഹൃദം വളര്‍ന്നു. 2015 ഓഗസ്റ്റില്‍ കാര്‍ത്തിക് ദീപികയെ വിവാഹം ചെയ്തു. 
 
ദിലകരത്‌നെ ദില്‍ഷന്‍-ഉപുല്‍ തരംഗ
 
ക്രിക്കറ്റ് താരങ്ങളുടെ കുടുംബജീവിതം പലപ്പോഴും സിനിമയിലെ ട്വിസ്റ്റുകള്‍ പോലെയാണ്. അങ്ങനെയൊരു ജീവിതമാണ് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് ദിലകരത്നെ ദില്‍ഷന്റേത്. ആദ്യ വിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവും ദില്‍ഷനെ വാര്‍ത്തകളില്‍ നിറസാന്നിധ്യമാക്കി. 
 
നിലാങ്ക വിതാങ്കെയായിരുന്നു ദില്‍ഷന്റെ ഭാര്യ. ഇരുവരും തമ്മില്‍ വളരെ നല്ല സ്നേഹത്തിലായിരുന്നു. ഇരുവര്‍ക്കും ഒരു മകനുണ്ട്, രസാദു തിലകരത്നെ എന്നാണ് പേര്. വളരെ സന്തോഷത്തോടെ മുന്നോട്ടുപോയിരുന്ന കുടുംബജീവിതത്തില്‍ പെട്ടന്നാണ് ചില അസ്വാരസ്യങ്ങളുണ്ടായത്. 
 
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ തിലകരത്നെ ദില്‍ഷന്റെ സഹതാരവും സുഹൃത്തുമായിരുന്ന ഉപുല്‍ തരംഗയുമായി നിലാങ്കയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇരുവരും കടുത്ത പ്രണയത്തിലായി. അല്‍പ്പം വൈകിയാണ് ഭാര്യയ്ക്ക് തന്റെ സുഹൃത്തുമായി ബന്ധമുണ്ടെന്ന് ദില്‍ഷന്‍ അറിഞ്ഞത്. ഇക്കാര്യം അറിഞ്ഞ ഉടനെ തന്നെ വിവാഹമോചനത്തിനായി നിയമനടപടികള്‍ ആരംഭിക്കുകയാണ് ദില്‍ഷന്‍ ചെയ്തത്. ഒടുവില്‍ ഇരുവരും വിവാഹമോചിതരായി. നിലാങ്ക ഉപുല്‍ തരംഗയെ വിവാഹം കഴിച്ചു. പിന്നീട് ദില്‍ഷന്‍ മഞ്ജുള തിലിനി എന്ന അഭിനേത്രിയെ വിവാഹം കഴിക്കുകയായിരുന്നു. 2008 ലായിരുന്നു ദില്‍ഷന്റെ രണ്ടാം വിവാഹം. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍