'ധോണി യുഗം' അവസാനിച്ചു, ഇനി കോ‌ഹ്ലിയുടെ സമയം!

ഞായര്‍, 15 ജനുവരി 2017 (12:01 IST)
ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ മത്സരമാ‌ണിത്. ധോണിക്ക് പകരം ഏകദിന ടീമിന്റെ നായക സ്ഥാനം വിരാട് കോഹ്ലി ഏറ്റെടുത്ത ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. കോഹ്ലിയെന്ന ക്യാപ്റ്റന്റെ മികവ് തെളിയിക്കേണ്ടത് ഇവിടെയാണ്.
 
ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ച ധോണിയുടെ ഇനിയുള്ള പ്രകടനത്തിലേക്ക് ഉറ്റു നോക്കുകയാണ് ക്രിക്കറ്റ് ആരാധകർ. പൂണെയിലെ എംസിഎ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഇന്ത്യ ടീമിനെ നയിക്കാനുള്ള കിരീടവും ചെങ്കോലും വിരാട് കോഹ്ലി ഏറ്റെടുത്തിന് ശേഷമുള്ള ആദ്യ മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. നായകൻ എന്ന സമ്മർദങ്ങളോ കെട്ടുകളോ ഒന്നുമില്ലാതെയാണ് ധോണി ഇന്ന് കളത്തിലിറങ്ങുക.
 
ആക്രമണ ശൈലിയുടെ വക്താവായ വിരാട് കോഹ്ലിയുടെ ക്യാപ്റ്റനായുള്ള സ്ഥാനക്കയറ്റം ഇന്ത്യൻ ക്രിക്കറ്റിൽ ഒരു തലമുറമാറ്റത്തിന് തന്നെയാണ് വഴിയൊരുക്കിയിരിക്കുന്നത്. ആവേശക്കാരനിൽ നിന്ന് തികവാർന്നൊരു താരമായതോടെയാണ് കോഹ്ലി ഇന്ത്യൻ ടീമിന്റെ അമരക്കാരനാവുന്നത്. പുതിയ നായകനേക്കാളും സ്ഥാനമൊഴിഞ്ഞ ധോണിയിലേക്കായിരിക്കും ആരാധകരുടെ കണ്ണ്. നായകവേഷത്തിൽ സുവർണ്ണ നേട്ടങ്ങൾ സ്വന്തമാക്കിയ ധോണിയുടെ ഇനിയുള്ള വേഷം ശ്രദ്ധേയമാകും. 

വെബ്ദുനിയ വായിക്കുക