ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ എത്തി തുടങ്ങി. വൈസ് ക്യാപ്‌റ്റന്‍ വിരാട് കോലി, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, ഭുവനേശ്വര്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ന് ഉച്ചയ്ക്ക് എത്തി ചേര്‍ന്നത്. രാത്രിയോടെ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും മറ്റ് താരങ്ങളും എത്തി ചേരും. അതേസമയം വെസ്റ്റിന്‍ഡീസ് താരങ്ങളായ ഡ്വെയ്ന്‍ ബ്രാവോ, ആന്ദ്രെ റസല്‍ എന്നിവര്‍ ഞായറാഴ്ച വൈകീട്ടോടെ തന്നെ കൊച്ചിയിലെത്തിയിരുന്നു.
എന്നാല്‍ കാലാവസ്ഥയെ കുറിച്ചാണ് ആശങ്കയുള്ളത്. ഏത് നിമിഷവും മഴ പെയ്യാവുന്ന സാഹചര്യമുള്ളതിനാല്‍ അധികൃതര്‍ എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ഔട്ട്ഫീല്‍ഡ് മികച്ചതാക്കാനുള്ള എല്ലാ നടപടിയും കൈക്കൊണ്ടിട്ടുണ്ട്. കനത്ത സുരക്ഷയാണു കൊച്ചി നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ചൊവ്വാഴ്ച രാത്രി 10 മുതല്‍ ബുധനാഴ്ച മത്സരം തീരുന്നതു വരെ സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. ബുധനാഴ്ച രാവിലെ 10 മുതലാണ് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കുന്നത്. സ്റ്റേഡിയത്തിനകവും പുറവും കാണുന്ന രീതിയില്‍ നിരവധി സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 1800 പൊലീസുകാരെയാണ് മത്സരത്തോട് അനുബന്ധിച്ച് പ്രത്യേകമായി വിന്യസിച്ചിരിക്കുന്നത്.
തിരുവന്തപുരത്തുനിന്നും തൃശൂര്‍ ഭാഗത്തുനിന്നും മത്സരം കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ നഗരത്തിനു പുറത്ത് ഹൈവേയുടെ ഇരുവശങ്ങളിലുമായി പാര്‍ക്ക് ചെയ്യാനാണ് സിറ്റി പൊലിസിന്റെ നിര്‍ദേശം. ചെറിയ വാഹനങ്ങള്‍ സ്റ്റേഡിയം ഗ്രൗണ്ടിലും, പരിസരത്തുള്ള പ്രത്യേക സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്യാം. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ പിച്ച് ബാറ്റ്സ്മാന്‍മാരെയും ബൗളര്‍മാരെയും ഒരുപോലെ തുണയ്ക്കുമെന്ന് ക്യൂറേറ്റര്‍ തപോഷ് ചാറ്റര്‍ജി വ്യക്തമാക്കി.