ശാസ്ത്രി ‘കാറ്റുനിറച്ച ബലൂണ്‍’, സമനില ഇഷ്‌ടമല്ലാത്തതിനാല്‍ തോല്‍‌വി ഏറ്റുവാങ്ങുന്നു; ഇന്ത്യന്‍ ടീം പരിശീകന്‍ ലോക തോല്‍‌വിയോ ?

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (16:49 IST)
വമ്പന്‍ ഡയലോഗുകള്‍ ഒന്നിനു പുറകെ ഒന്നായി തട്ടിവിട്ട് വിമാനം കയറിയ വിരാട് കോഹ്‌ലിയും സംഘവും ഇഗ്ലീഷ് മണ്ണില്‍ നാണക്കെടിന്റെ പടുകുഴിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റ് മല്‍സരങ്ങളിലെ തോല്‍വി ഏറ്റുവാങ്ങിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

പരിശീലകന്‍ രവി ശാസ്‌ത്രിക്കും കോഹ്‌ലിക്കുമെതിരെയാണ് ആരോപണ ശരങ്ങളെത്തുന്നത്. മുന്‍ താരങ്ങളടക്കമുള്ളവര്‍ തോല്‍‌വിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത് ശാസ്‌ത്രിയുടെ മികവില്ലായ്‌മയെ ആണ്. വിദേശ പിച്ചുകളില്‍ ശാസ്‌ത്രിയുടെ തന്ത്രങ്ങളൊന്നും ഏല്‍ക്കില്ല.

2014 –15ല്‍ ഓസ്ട്രേലിയയിൽ 2–0ത്തിനും 2017–18 ദക്ഷിണാഫ്രിക്കയിൽ 2–1നും പരമ്പരകൾ കൈവിട്ടത് ടീം ഇന്ത്യ  വിദേശ പിച്ചുകളില്‍ നനഞ്ഞ പടക്കമാണെന്നതിന്റെ തെളിവായിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയും കൈവിട്ടു പോകുമെന്ന നിലയില്‍ നില്‍ക്കെ ബി സി സി ഐ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട പ്രധാന മൂന്ന് ടൂര്‍ണമെന്റുകളിലാണ് തിരിച്ചടി നേരിടുന്നത്.

ഇതിനെല്ലാം കാരണം ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പ്രകടനമാണെന്നതില്‍ സംശയമില്ല. എന്നാല്‍, വിദേശ പര്യടനത്തിന് മുമ്പായി വെല്ലുവിളി നടത്തുകയും പരമ്പരയില്‍ എട്ടു നിലയില്‍ പൊട്ടിയശേഷം യാതൊരു മാനദണ്ഡവുമില്ലാത്ത തോല്‍‌വിയുടെ കാരണങ്ങള്‍ നിരത്തുകയും ചെയ്യുന്ന രവി ശാസ്‌ത്രിയുടെ നിലപാടുകള്‍ക്കെതിരെയാണ് മുന്‍ താരങ്ങളും ആരാധകരും രംഗത്തു വന്നിരിക്കുന്നത്.

സമനിലയ്‌ക്കായിട്ടല്ല ഇംഗ്ലണ്ടില്‍ എത്തിയതെന്ന ശാസ്‌ത്രിയുടെ പ്രതികരണമാണ് ഏറ്റവും വലിയ തിരിച്ചടിയായത്. സമനിലയ്‌ക്കായിട്ടല്ല വന്നതെന്ന് അദ്ദേഹം പറയാന്‍ കാരണം തോല്‍‌ക്കുക എന്നതാണ് അര്‍ഥമാക്കുന്നതെന്നായിരുന്നു ഒരു വിമര്‍ശകന്‍ പറഞ്ഞത്.

ശാസ്ത്രി ‘കാറ്റുനിറച്ച ബലൂണാ’ണെന്നും എത്രയും വേഗം അദ്ദേഹത്തെ പുറത്താക്കി പ്രഫഷനലായിട്ടുള്ള ഒരാളെ കൊണ്ടുവരണമെന്നുമാണ് ഇവരുടെ ആവശ്യം. പരിശീലകനെന്ന നിലയിൽ ഗ്രെഗ് ചാപ്പലിനേക്കാൾ ഇന്ത്യൻ ക്രിക്കറ്റിന് ഉപദ്രവകാരിയാകും ശാസ്ത്രിയെന്ന് മുന്നറിയിപ്പു നൽകുന്ന ആരാധകരുമുണ്ട്.

ശാസ്ത്രിക്കു വഴിമാറി കൊടുക്കേണ്ടിവന്ന അനിൽ കുംബ്ലെയെ തിരികെ കൊണ്ടുവരണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തിനും വലിയ പിന്തുണയാണ് ലഭിക്കുന്നത്. സമീപകാലത്ത് ഇന്ത്യ കാര്യമായ വെല്ലുവിളി നേരിട്ടിട്ടുള്ള പരമ്പരകളിലെല്ലാം ടീം തോറ്റുവെന്നും ആരാധകര്‍ പറയുന്നുണ്ട്.

പരിശീലകനെന്ന നിലയിൽ ഗ്രെഗ് ചാപ്പലിനേക്കാൾ ഇന്ത്യൻ ക്രിക്കറ്റിന് ഉപദ്രവകാരിയാകും ശാസ്ത്രിയെന്ന് മുന്നറിയിപ്പു നൽകുന്ന ആരാധകരുമുണ്ട്. ശാസ്‌ത്രിക്ക് കീഴില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര വിദേശത്ത് വന്‍ തോല്‍‌വിയാണെന്നും ചിലര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article