മദ്യലഹരിയില്‍ ‘പറന്ന’ ജെയിംസ് ഫോക്‍നറെ പൊലീസ് പിടികൂടി
അമിതമായി മദ്യപിച്ച് അതിവേഗം വാഹനമോടിച്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ മധ്യനിര താരം ജെയിംസ് ഫോക്‍നര്‍ പിടിയില്‍. ഫോക്‍നറെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ജൂലൈ 21ന് താരത്തിനെതിരായ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കും.
അമിതമായി മദ്യപിച്ച് അതിവേഗം വാഹനമോടിച്ച ഓസ്ട്രേലിയന്‍ താരത്തെ പൊലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ രക്‍ത പരിശേധനയില്‍ ബ്രിട്ടനിലെ നിയമമനുസരിച്ച് അനുവദനീയമായതിന്റെ ഇരട്ടിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അച്ചടക്ക ലംഘനം നടത്തിയ ഫോക്‍നര്‍ക്കെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയയും നടപടികള്‍ സ്വീകരിക്കും. പ്രഥമ നടപടിയെന്ന നിലയില്‍ ട്വന്റി 20 റോസസ് മത്സരത്തില്‍ നിന്നു ഫോക്നറെ ഒഴിവാക്കിയിട്ടുണ്ട്.
സംഭവത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ഫോക്‍നര്‍ വ്യക്തമാക്കി. മദ്യലഹരിയിലും വാഹനമോടിക്കാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നു. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നതായും എന്ത് ശിക്ഷാനടപടി സ്വീകരിച്ചാലും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.