ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ മലയാളിയും
ബംഗ്ലാദേശില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ് ടീമിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ മലയാളിയും. സിഡ്നിയിലെ ഗിരാവീന്‍ സ്വദേശിയായ അര്‍ജുന്‍ നായര്‍ ഓള്‍റൌണ്ടര്‍ എന്ന നിലയിലാണ് ടീമില്‍ സ്ഥാനം നേടിയിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ നിന്ന് കുടിയേറിയ ജയാനന്ദ് നായരുടെയും ശാലിനി നായരുടെയും മകനാണ് ഈ യുവതാരം.
ജനുവരി 28ന് മിര്‍പൂരില്‍ ഇന്ത്യക്കെതിരെയാണ് ഓസ്ട്രേലിയന്‍ ടീമിന്റെ ആദ്യ മത്സരം. മികച്ച ഓഫ് സ്പിന്നറും സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരവുമാണ് അര്‍ജുന്‍ നായര്‍. ഈ മാസം 27നാണ് അണ്ടര്‍ 19 ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഇതിനായി പതിനാറംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്തിരിക്കുന്നത്. ലോകകപ്പിന് മുമ്പ് ദുബായില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലും ഓസ്ട്രേലിയ പങ്കെടുക്കും. ഇതിനായി ടീം ബുധനാഴ്ച യാത്ര തിരിക്കും.