ഗെയില്‍ ഗ്രൌണ്ടിലേക്ക് ചാടിയിറങ്ങിയത് എന്തിന്; സമിയാണോ വിന്‍ഡീസ് കൊടുങ്കാറ്റിനെ ബാറ്റിംഗിന് അയക്കാതിരുന്നത്, സംശയങ്ങളും വിവാദങ്ങളും നിറഞ്ഞ വിന്‍ഡീസ്- ശ്രീലങ്ക മത്സരം
തിങ്കള്‍, 21 മാര്‍ച്ച് 2016 (13:47 IST)
ക്രിസ് ഗെയിലിന്റെ ബാറ്റിംഗ് വെടിക്കെട്ട് കാണാനെത്തിയവരെ നിരാശപ്പെടുത്തുന്നതായിരുന്നു ഞായറാഴ്ച്ച നടന്ന വെസ്‌റ്റ് ഇന്‍ഡീസ് ശ്രീലങ്ക മത്സരം. ഇംഗ്ലണ്ടിനെതിരെ കൊടുങ്കാറ്റായ ഗെയില്‍ എന്തുകൊണ്ട് ലങ്കക്കെതിരെ ബാറ്റിംഗിന് ഇറങ്ങിയില്ല എന്നായിരുന്നു ആരാധകരുടെ സംശയം. ഐപിഎല്ലില്‍ ഗെയിലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പ്രീയതാരം ബാറ്റ് ചെയ്യാന്‍ ഇറങ്ങാത്തതിനെ തുടര്‍ന്ന് വിന്‍ഡീസ് നായകന്‍ ഡാരെന്‍ സമ്മിക്കെതിരെ ചിലര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു.
ലങ്ക ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യം ലക്ഷ്യമാക്കി വിന്‍ഡീസിനായി ഓപ്പണ്‍ ചെയ്‌തത് ജോണ്‍സണ്‍ ചാള്‍സും ഫ്‌ലെച്ചറുമായിരുന്നു. വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഗെയില്‍ എത്താത്തതില്‍ പ്രതിഷേധിച്ച് ഗ്യാലറിയില്‍ നിന്ന് ആരാധകര്‍ സമിക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനിടെ വിന്‍ഡീസ് സ്‌കോര്‍ 98ല്‍ നില്‍ക്കെ ആവേശംമൂത്ത് ഗ്രൗണ്ടിലേക്കിറങ്ങാനൊരുങ്ങിയ ഗെയിലിനെ റിസര്‍വ് അമ്പയര്‍ ഇയാന്‍ ഗൗള്‍ഡ് തടഞ്ഞ് തിരിച്ചു കയറ്റി വിടുകയും ചെയ്‌തതോടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആരാധകര്‍ അന്തം വിട്ടിരുന്നു.
ഫീല്‍ഡിംഗിനിടെ പേശിവലിവ് മൂലം ഗെയില്‍ കുറേനേരത്തേക്ക് ഗ്രൗണ്ട് വിട്ടിരുന്നു. ഗ്രൗണ്ടില്ലില്ലാതിരുന്ന സമയം കഴിഞ്ഞെ ഗെയിലിന് ക്രീസിലിറങ്ങാന്‍ നിയമം അനുവദിക്കുന്നുള്ളൂ. ഇതുകാരണമാണ് വിന്‍ഡീസിനായി ഗെയിലിന് ഓപ്പണ്‍ ചെയ്യാന്‍ കഴിയാതിരുന്നത്.
ഗെയില്‍ ബാറ്റ് ചെയ്യാന്‍ എത്തിയില്ലെങ്കിലും ഫ്‌ലെച്ചറുടെ (84) തകര്‍പ്പന്‍ ബാറ്റിംഗില്‍ ട്വന്റി-20 ലോകകപ്പില്‍ വിന്‍ഡീസ് രണ്ടാം ജയം സ്വന്തമാക്കുകയായിരുന്നു. ലങ്ക ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.