നഷ്ടമാക്കിയ അവസരങ്ങളോർത്ത് സഞ്ജുവിനും അഭിഷേകിനും ദുഃഖിക്കേണ്ടിവരും: ആകാശ് ചോപ്ര

അഭിറാം മനോഹർ

വെള്ളി, 11 ഒക്‌ടോബര്‍ 2024 (17:05 IST)
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും ഓപ്പണര്‍മാരായി ഇറങ്ങാന്‍ അവസരം ലഭിച്ചിട്ടും വലിയ സ്‌കോര്‍ നേടാതിരുന്ന മലയാളി താരം സഞ്ജു സാംസണും അഭിഷേ ശര്‍മയും ഭാവിയില്‍ ദുഖിക്കേണ്ടതായി വരുമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ആദ്യ 2 മത്സരങ്ങളില്‍ നല്ല തുടക്കം ലഭിച്ചിട്ടും ഇരുതാരങ്ങള്‍ക്കും അവസരം മുതലാക്കാനായിരുന്നില്ല. ആദ്യ മത്സരത്തില്‍ സഞ്ജു 19 പന്തില്‍ 29 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ സഞ്ജുവുമായുള്ള ധാരണാപിശകില്‍ അഭിഷേക് 7 പന്തില്‍ 16 എന്ന നിലയില്‍ നില്‍ക്കെ റണ്ണൗട്ടായിരുന്നു.
 
രണ്ടാം മത്സരത്തില്‍ ആദ്യ ഓവറില്‍ 2 ബൗണ്ടറി അടിച്ചു തുടങ്ങിയ സഞ്ജു 7 പന്തില്‍ 10 റണ്‍സെടുക്കെയാണ് പുറത്തായത്. 11 പന്തില്‍ 15 റണ്‍സുമായി അഭിഷേകും മടങ്ങി. ദില്ലിയില്‍ ബാറ്റിംഗ് തുടക്കത്തില്‍ ദുഷ്‌കരമായിരുന്നെങ്കിലും പിടിച്ചുനിന്നാല്‍ റണ്‍മല തന്നെ ഭേദിക്കാമായിരുന്നു. സഞ്ജുവിനും അഭിഷേകിനും ശേഷം വന്ന റിങ്കു സിംഗും നിതീഷ് കുമാറും ഇത് തെളിയിച്ചെന്നും യൂട്യൂബ് വീഡിയോയില്‍ ആകാശ് ചോപ്ര പറഞ്ഞു. ഓപ്പണിംഗ് പൊസിഷനില്‍ ജയ്‌സ്വാള്‍,റുതുരാജ്,ശുഭ്മാന്‍ ഗില്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ ഉണ്ടെന്നിരിക്കെ കിട്ടിയ അവസരങ്ങള്‍ സഞ്ജുവും അഭിഷേകും മുതലാക്കണമായിരുന്നെന്നും അല്ലെങ്കില്‍ ഭാവിയില്‍ നഷ്ടമാക്കിയ അവസരങ്ങളോര്‍ത്ത് ദുഖിക്കേണ്ടിവരുമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍