ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആജീവനാന്തം ക്രിക്കറ്റിൽ നിന്നും വിലക്കണമെന്നും ടീം നായകന്‍ വിരാട് കോഹ്‌ലിയെ ജയിലിലടയ്ക്കണമെന്നും ആവശ്യപ്പെട്ട ബോളിവുഡ് നടൻ കമാല്‍ ആര്‍ ഖാന് (കെആര്‍കെ) മറുപടി നല്‍കി പാക് ആരാധകര്‍.
ഇന്ത്യന്‍ ടീമിനെയും വിരാട് കോഹ്‌ലിയേയും പിന്തുണച്ച് നിരവധി പാക് ആരാധകരാണ് ട്വിറ്ററിലൂടെ കെആര്‍കെയ്‌ക്ക് മറുപടി നല്‍കിയത്. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ലോകോത്തര കളിക്കാരനാണെന്നും അദ്ദേഹത്തിനെതിരെ ഇത്തരം പരാമര്‍ശം നടത്താന്‍ ലജ്ജയില്ലേ എന്നും പാക് ആരാധകര്‍ ചോദിക്കുന്നുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആജീവനാന്തം ക്രിക്കറ്റിൽ നിന്നും വിലക്കണമെന്ന് പറയുന്ന നിങ്ങളെയാണ് വിലക്കേണ്ടതെന്നും കെആര്‍കെയോട് പാക് ആരാധകന്‍ പറയുന്നുണ്ട്. അതേസമയം, ടീം ഇന്ത്യക്കും കോഹ്‌ലിക്കും ശക്തമായ പിന്തുണ നല്‍കാന്‍ ഇന്ത്യന്‍ ആരാധകര്‍ മടി കാണിച്ചു.
ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് കെ ആര്‍ കെ ഇന്ത്യന്‍ ടീമിനെതിരെ മോശമായ പരാമര്‍ശം നടത്തിയത്.
വിരാട് കോഹ്‌ലിയും സഹതാരങ്ങളും 130 കോടി ജനങ്ങളുടെ ആത്മാഭിമാനം പാകിസ്ഥാന് വിറ്റു. ഇവര്‍ ഒത്തുകളിയിലൂടെ ഇന്ത്യന്‍ ജനതയെ വിഡ്ഡികളാക്കി. ഈ സാഹചര്യത്തില്‍ ബിസിസിഐയുടെ അംഗീകാരം റദ്ദാക്കണമെന്നും തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ കെആർകെ ആവശ്യപ്പെട്ടിരുന്നു.
തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോഹ്‌ലിയെ ജയിലില്‍ അടയ്‌ക്കണം. നേരത്തെ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ടീം പാകിസ്ഥാനെതിരെ ഫൈനല്‍ കളിക്കാന്‍ ഇറങ്ങിയതെന്നും കെആർകെ ആരോപിച്ചിരുന്നു.