ബു‌മ്ര ശക്തമായി തിരിച്ചുവരും, പക്ഷേ ന്യൂസിലൻഡിനെ നാട്ടിൽ തോൽപ്പിക്കാൻ അത് മതിയാകില്ലെന്ന് ഷെയ്‌ൻ ബോണ്ട്

അഭിറാം മനോഹർ

ബുധന്‍, 19 ഫെബ്രുവരി 2020 (11:40 IST)
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ മോശം ഫോമിനെ തുടർന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഇന്ത്യൻ പേസ് ബൗളർ ജസ്‌പ്രീത് ബു‌മ്രക്ക് പിന്തുണയുമായി മുൻ കിവീസ് ഇതിഹാസ പേസ് ബൗളിംഗ് താരമായ ഷെയ്‌ൻ ബോണ്ട്. ഏകദിനത്തിൽ ന്യൂസിലൻഡ് താരങ്ങൾ ബു‌മ്രയെ നന്നായി കളിച്ചുവെങ്കിലും ടെസ്റ്റിൽ താരം തിരിച്ചുവരുമെന്നാണ് ബോണ്ട് പറയുന്നത്.
 
ബുംറ അപകടകാരിയായ ബൗളറാണെന്നു അറിയാവുന്നതു കൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയാണ് ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ കളിച്ചത്. കൂടാതെ ടീമിൽ പരിചയസമ്പത്ത് കുറവുള്ള നവദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരുള്ളത് ന്യൂസിലൻഡ് മുതലെടുക്കുകയും ചെയ്‌തു. മറ്റ് ടീമുകളാണെങ്കിലും ബു‌മ്രയെ ശ്രദ്ധിച്ച് കളിച്ച് മറ്റ് ബൗളർമാരിൽ നിന്നും റൺസ് കണ്ടെത്താൻ ശ്രമിക്കുകയാണ് ചെയ്യുകയെന്നും ന്യൂസിലൻഡും അതുതന്നെയാണ് ചെയ്‌തതെന്നും ബോണ്ട് പറഞ്ഞു. നന്നായി ബൗൾ ചെയ്യുക എന്നത് മാത്രമാണ് ഒരു ബൗളർക്ക് ചെയ്യാൻ സാധിക്കുന്നതെന്നും ചിലപ്പോൾ വിക്കറ്റുകൾ ലഭിക്കുകയില്ലെന്നും ബു‌മ്ര മികച്ച രീതിയിൽ തന്നെയാണ് കിവികൾക്കെതിരെ പന്തെറിഞ്ഞതെന്നും ബോണ്ട് വ്യക്തമക്കി.
 
ഏറ്റവും മികച്ച ഫോമിലേക്കു തിരിച്ചെത്താന്‍ സമയം ആവശ്യമാണ്. കുറച്ചു മോശം ഫോമില്‍ നില്‍ക്കെ ടെസ്റ്റില്‍ കളിക്കാന്‍ പോവുന്നത് ബുംറയെ താളം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നും ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ നിര്‍ണായക താരങ്ങളിലൊരാളായിരിക്കും ബു‌മ്രയെന്നും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് കോച്ചായി പ്രവര്‍ത്തിക്കവെ ബുംറയ്‌ക്കൊപ്പമുണ്ടായിരുന്ന ഷെയ്‌ൻ ബോണ്ട് വ്യക്തമാക്കി.
 
കൂടാതെ സ്പിന്നിനെ പിന്തുണക്കാത്ത ന്യൂസിലൻഡ് പിച്ചുകളിൽ ഇന്ത്യക്ക് വിജയിക്കാൻ പ്രയാസമായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു. അഞ്ചു പേസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ഗെയിം പ്ലാനായിരിക്കണം ന്യൂസിലാന്‍ഡ് പരീക്ഷിക്കേണ്ടത്.ട്രെന്റ് ബോള്‍ട്ട്, ടിം സോത്തി, നീല്‍ വാഗ്നര്‍, കൈല്‍ ജാമിസണ്‍, ഗ്രാന്‍ഡോം എന്നിവരുൾപ്പെടുന്ന ബൗളിംഗ് നിരയായിരിക്കും ഉചിതം. കളി പുരോഗമിക്കും തോറും പിച്ച് കൂടുതൽ ഫ്ലാറ്റ് ആയി മാറുമെന്നും ഇത്തരം സാഹചര്യത്തിൽ ന്യൂസിലൻഡിനെ തോൽപ്പിക്കുക പ്രയാസമായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍